കറങ്ങിത്തിരിഞ്ഞ് ബേളിന്റെ ബാളുകൾ; ഓസീസിനെ അട്ടിമറിച്ച് സിംബാബ്വെയുടെ ചരിത്രജയം
text_fieldsസിഡ്‌നി: പത്തു റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ റയാൻ ബേളിന്റെ ലെഗ്സ്പിൻ മികവിനു മുന്നിൽ മുട്ടുകുത്തിയ ആസ്ട്രേലിയയെ തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നിരാശാജനകമായ തോൽവികളിലൊന്നിലേക്ക് തള്ളിവിട്ട് സിംബാബ്വെ. എതിരാളികളുടെ മണ്ണിൽ നടക്കുന്ന ഏകദിനപരമ്പരയിലെ മൂന്നാം മത്സരത്തിൽ മൂന്നു വിക്കറ്റിന്റെ ആവേശജയം കുറിച്ചാണ് സിംബാബ്വെ കരുത്തുകാട്ടിയത്. ആദ്യം ബാറ്റുചെയ്ത ആസ്ട്രേലിയയെ 31 ഓവറിൽ 141 റൺസിന് പുറത്താക്കിയ സിംബാബ്വെ 66 പന്തുകൾ ബാക്കിയിരിക്കെ ഏഴുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.
94 റൺസെടുത്ത ഡേവിഡ് വാർണറും 19 റൺസെടുത്ത െഗ്ലൻ മാക്സ്വെലും ഒഴികെ ഓസീസ് നിരയിൽ മറ്റാരും രണ്ടക്കം കണ്ടില്ല. അഞ്ചിന് 129 റൺസെന്ന നിലയിൽനിന്നാണ് ബേളിന്റെ മൂന്നോവറിൽ ആതിഥേയർ കറങ്ങിവീണത്. 96 പന്തിൽ 14 ഫോറും രണ്ടു സിക്സുമടക്കമാണ് വാർണർ 94 റൺസടിച്ചത്. ഒരു ഘട്ടത്തിൽ നാലു വിക്കറ്റിന് 66 റൺസെന്ന നിലയിൽ പരുങ്ങിയ സിംബാബ്വെയെ പുറത്താകാതെ 37 റൺസെടുത്ത ക്യാപ്റ്റൻ റെഗിസ് ചകബവയാണ് ജയത്തിലേക്ക് കൈപിടിച്ചുയർത്തിയത്. ടഡിവനാഷെ മരുമണി 35 റൺസെടുത്തു. ആസ്ട്രേലിയക്കുവേണ്ടി ജോഷ് ഹേസൽവുഡ് മൂന്നു വിക്കറ്റെടുത്തു.
മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു കളികളും ജയിച്ച ആസ്ട്രേലിയ പരമ്പര സ്വന്തമാക്കിയിരുന്നു. 18 വർഷങ്ങൾക്കുശേഷമാണ് സിംബാബ്‌വേ ആസ്‌ട്രേലിയയിൽ പര്യടനത്തിനെത്തിയത്.
ടോസ് നേടിയ ചകബവ ആസ്‌ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പരിചയസമ്പന്നരായ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (അഞ്ച്), സ്റ്റീവ് സ്മിത്ത് (ഒന്ന്) എന്നിവർ തുടക്കത്തിലേ തിരിച്ചുകയറി. പിന്നാലെ വിക്കറ്റ് കീപ്പർ അലെക്‌സ് ക്യാരിയും (നാല്) ഓൾറൗണ്ടർ സ്റ്റോയിനിസും (മൂന്ന്) വിക്കറ്റിനു പിന്നിൽ ചകബവക്ക് പിടികൊടുത്ത് മടങ്ങിയതോടെ ആസ്ട്രേലിയ നാലിന് 59. കാമറോൺ ഗ്രീൻ കേവലം മൂന്നു റൺസുമായി പുറത്തായതോടെ സ്കോർ അഞ്ചിന് 72. പിന്നീട് വാർണറും മാക്‌സ്‌വെലും ആറാം വിക്കറ്റിൽ 57 റൺസ് ചേർത്ത് രക്ഷാശ്രമം. എന്നാൽ, പിന്നീടങ്ങോട്ട് ബേളിന്റെ മാസ്മരിക ബൗളിങ്ങിൽ ആസ്ട്രേലിയ തരിപ്പണമാവുകയായിരുന്നു. ബേളാണ് കളിയിലെ കേമൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.