അഞ്ചുവിക്കറ്റുമായി ശ്രീശാന്ത്; ബാറ്റിങ് നയിച്ച് ഉത്തപ്പ, സച്ചിൻ ബേബി -യു.പി കടന്ന് കേരളം
text_fieldsബംഗളൂരു: ബാറ്റുകൊണ്ടും ബാൾ കൊണ്ടും വെളിച്ചപ്പാടായി നായകൻ സചിൻ ബേബിയും അഞ്ചു വിക്കറ്റിെൻറ മാസ്മരിക പ്രകടനവുമായി ശ്രീശാന്തും കളം വാണ ബംഗളൂരു മൈതാനത്ത് വിജയ് ഹസാരെ ട്രോഫിയിൽ യു.പിക്കെതിരെ ജയം പിടിച്ച് കേരളം. ഏഴു പന്ത് ബാക്കിനിൽക്കെയാണ് കേരളം മൂന്നു വിക്കറ്റ് ജയം സ്വന്തമാക്കിയത്. സ്കോർ: ഉത്തർ പ്രേദശ് 49.4 ഓവറിൽ 283 റൺസിന് എല്ലാവരും പുറത്ത്. കേരളം 48.5 ഓവറിൽ 284/7. കേരളത്തിന്‍റെ തുടർച്ചയായ രണ്ടാം ജയമാണിത്.
ആദ്യം ബാറ്റു ചെയ്ത ഉത്തർപ്രദേശ് നിരയിൽ പ്രിയം ഗാർഗ്, അഭിഷേക് ഗോസ്വാമി, ആകാശ് ദീപ് നാഥ് എന്നിവരുടെ അർധ സെഞ്ച്വറി ബലത്തിൽ ഉത്തർ പ്രദേശ് ഉയർത്തിയ 284 റൺസ് എന്ന ലക്ഷ്യത്തിലേക്ക് ഒട്ടും പതറാതെ ബാറ്റുവീശിയായിരുന്നു കേരളത്തിെൻറ വിജയ യാത്ര. െഎ.പി.എൽ താരലേലത്തിൽ ആർക്കും വേണ്ടാതെ പോയതിെൻറ കടം വീട്ടിയ പ്രകടനവുമായി ശ്രീശാന്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റു വീഴ്ത്തിയപ്പോൾ യു.പി നിര താളം കണ്ടെത്താൻ വിഷമിച്ചു. 9.4 ഓവർ എറിഞ്ഞ് 65 റൺസ് വിട്ടുനൽകിയായിരുന്നു ശ്രീശാന്ത് അഭിഷേക് ഗോസ്വാമി, ആകാശ് ദീപ് നാഥ് എന്നിവരുൾപെടെ അഞ്ചു പേരെ മടക്കിയത്. തുടക്കം പിടിച്ചുനിന്ന യു.പിയുടെ അവസാന മൂന്നു വിക്കറ്റുകളും ശ്രീശാന്ത് സ്വന്തം പേരിൽ കുറിച്ചു. സചിൻ ബേബി രണ്ടും ജലജ് സക്സേന, നീധീഷ് എന്നിവർ ഓരോന്നും വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളനിരയിൽ വിഷ്ണു വിനോദ് ഏഴു റൺസുമായി അതിവേഗം മടങ്ങിയെങ്കിലും റോബിൻ ഉത്തപ്പ 81 റൺസെടുത്ത് കേരളത്തിന് മികച്ച തുടക്കം പകർന്നു. ദേശീയ താരം സഞ്ജു സാംസൺ 29 റൺസും ഗോവിന്ദ് 30ഉം റൺസെടുത്തു. നായകൻ സചിൻ ബേബി 76 റൺസുമായി അവസാനം വരെ പൊരുതി. 48ാം ഓവറിൽ സചിൻ ബേബി മടങ്ങിയെങ്കിലും ജലജ് സക്സേനയും (31) നിധീഷും (13) ചേർന്ന് ടീമിനെ വിജയത്തിലേക്കു നയിച്ചു. മുഹമ്മദ് അസ്ഹറുദ്ദീൻ ഒറ്റ റണ്ണുമായി കരൺ ശർമക്ക് വിക്കറ്റ് നൽകി.
ജയത്തോടെ കേരളം വിലപ്പെട്ട നാലു പോയിൻറുകൾ സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.