ഉപനായക സ്ഥാനത്തേക്ക് ജസ്പ്രീതിനെ പ്രതീക്ഷിച്ചില്ലെന്ന് സാബ കരീം
text_fieldsബുംറയെ ഏകദിന ടീമിന്‍റെ വൈസ് ക്യാപ്റ്റനാക്കാനുള്ള തീരുമാനം തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് മുൻ സെലക്ടറും വിക്കറ്റ് കീപ്പറുമായ സാബ കരീം. ഫോർമാറ്റുകളിലും കളിക്കുന്ന ഋഷഭ് പന്താണ് ഉപനായക സ്ഥാനത്തേക്ക് വരേണ്ടിയിരുന്നതെന്നും സാബ കരീം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമായിരുന്നു ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് ഏകദിന മത്സര പരമ്പരക്കുളള ഇന്ത്യൻ ടീമിനെ സെലക്ടർമാർ പ്രഖ്യാപിച്ചത്. പരിക്കിനെത്തുടർന്ന് രോഹിത് ശർമ്മ പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ കെ.എൽ രാഹുലിനെ നായക സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുമെന്ന കാര്യം ഉറപ്പായിരുന്നെങ്കിലും ഉപനായകനായി ബുംറയെ തിരഞ്ഞെടുത്തതിന്‍റെ അമ്പരപ്പിലാണ് ക്രിക്കറ്റ് ആരാധകർ. ഐ.പി.എല്ലിൽ ഉൾപ്പെടെ നായക പരിചയമുള്ള ഋഷഭ് പന്തും ശ്രേയസ് അയ്യരുമുണ്ടായിരുന്നപ്പോഴായിരുന്നു ബുംറയെ ഇന്ത്യൻ ടീമിന്‍റെ ഉപനായകനാക്കാൻ സെലക്ടർമാർ തീരുമാനിച്ചത്.
''ഞാൻ ശരിക്കും ഞെട്ടിപ്പോയി. ജസ്പ്രീത് ബുംറ ഉപനായകനായി തിരഞ്ഞെടുക്കപ്പെടുമെന്ന് കരുതിയില്ല. ഡൽഹി കാപ്പിറ്റൽസിന്‍റെ നായകനായപ്പോളുള്ള ഋഷഭ് പന്തിന്‍റെ പ്രകടനം വളരെ മികച്ചതായിരുന്നു. അദ്ദേഹം മത്സരങ്ങൾ വായിക്കുന്നത് എങ്ങനെയെന്ന് നാം കണ്ടുക്കൊണ്ടിരിക്കുകയാണ്, കളിയെപ്പറ്റി മികച്ച അവബോധം അദ്ദേഹത്തിനുണ്ട്'' -സാബ കരീം പറഞ്ഞു.
ജസ്പ്രീത് ബുംറയും കഴിവുള്ള താരമാണ്. എന്നാൽ ഇതുവരെ നായക പദവിയിലിരുന്നിട്ടില്ല. അതുക്കൊണ്ട് ഇതൽപം ആശ്ചര്യപ്പെടുത്തുന്നുണ്ടെന്നും സാബ കൂട്ടിച്ചേർത്തു.
അതെസമയം, നേതൃത്വം നൽകുന്ന ഗ്രൂപ്പിന്‍റെ ഭാഗമാകുന്നത് ബുംറയെ സംബന്ധിച്ച് നല്ലൊരവസരമാണെന്നും ഭാവിയിൽ നായകനാവാൻ എന്തൊക്കെ ചെയ്യണമെന്ന് പഠിക്കാനാകുമെന്നും സെലക്ടർമാരിലൊരാളായ ചേതൻ ശർമ്മ പറഞ്ഞു.
2016 ജനുവരിയിൽ ആസ്ട്രേലിയക്കെതിരെ കളിച്ചുക്കൊണ്ട് ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയ ജസ്പ്രീത് ബുംറ ഇന്ന് ലോകത്തെ ഏറ്റവും മികച്ച പേസ് ബൗളർമാരിലൊരാളാണ്. ഏകദിനത്തിൽ ഇതുവരെ 67 മത്സരങ്ങൾ കളിച്ചു കഴിഞ്ഞ ബുംറ 108 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. നിലവിൽ ടീമിലെ പ്രധാന താരങ്ങളിലൊരാണെങ്കിലും ഇത്ര പെട്ടെന്ന് ബുംറ നായക പദവിയിലേത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.