'ആ ഒരൊറ്റ ഓവറിലാണ് കളി പോയത്'; ലങ്കക്കെതിരെ ഇന്ത്യക്ക് പാളിയത് എവിടെയെന്ന് പറഞ്ഞ് മുൻ സെലക്ടർ
text_fieldsഇന്ത്യ-ശ്രിലങ്ക ആദ്യ ഏകദിന മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ലങ്ക 230 റൺസെടുത്തപ്പോൾ ഇന്ത്യയും അതേ സ്കോർ തന്നെ നേടി. 14 പന്തിൽ ഒരു റൺ വേണമെന്നിരിക്കെയാണ് അവസാന വിക്കറ്റായ അർഷ്ദീപ് സിങ് ഔട്ടായി മടങ്ങുന്നത്. മത്സരശേഷം അർഷ്ദീപിനെതിരെ ഒരുപാട് വിമർശനങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ മത്സരത്തിൽ ശ്രിലങ്കക്ക് അപ്പർഹാൻഡ് നൽകിയത് ശുഭ്മൻ ഗില്ലിന്‍റെ ഓവറാണെന്ന് പറയുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ സബ കരീം.
മത്സരത്തിൽ ഒരു ഓവറായിരുന്നു ഓപ്പണിങ് ബാറ്ററായ ശുഭ്മൻ ഗിൽ എറിഞ്ഞത്. 14 രൺസ് ആ ഓവറിൽ അദ്ദേഹം വിട്ടുനൽകുകയായിരുന്നു. ഇത് ഇന്ത്യക്ക് മത്സരത്തിൽ വിനയായി എന്ന് പറയുകയാണ് സബ കരീം. ടി-20യിൽ സൂര്യയും റിങ്കുവുമൊക്കെ പന്തെറിഞ്ഞത് പോലെയുള്ള ആശയമായിരുന്നു എന്നാൽ സമയം ഇതായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'അസലങ്ക അദ്ദേഹത്തിന് തന്നെ പന്ത് കൊടുത്തത് പോലെയോ, സൂര്യകുമാറും, പരാഗും, റിങ്കുവുമെല്ലാം ബോൾ ചെയ്തത് പോലെ തന്നെയാണ് ഇതും. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഗിൽ ആദ്യമായാണ് പന്തെറിയുന്നത്. അത് ഒരുപാട് റൺസ് വഴങ്ങുകയും ചെയ്തു. അവിടുന്നാണ് ലങ്ക മത്സരത്തിന്‍റെ താളം കണ്ടെത്തിയതും,'സബ പറഞ്ഞു.
ശിവം ദുബെക്ക് കുറച്ച് ഓവർ കൂടെ നൽകാമായിരുന്നുവെന്നും സബ പറയുന്നുണ്ട്. നാല് ഓവർ എറിഞ്ഞ ദുബെ 19 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടിയിരുന്നു.
'ഈ ഗ്രൗണ്ടിൽ ഇന്ത്യക്ക് ഒരു സ്പിന്നർ കൂടെ വേണമായിരുന്നു. അല്ലെങ്കിൽ ദുബെക്ക് കുറച്ച് ഓവർ കൂടെ നൽകാമായിരുന്നു അവർ ആ വഴി ചിന്തിക്കാതതിനാൽ ഗില്ലിന് ഓവർ നൽകി, എന്നാൽ അത് ഒരു നല്ല തീരുമാനമായി മാറിയില്ല,' സബ കരീം കൂട്ടിച്ചേർത്തു.
പരമ്പരയിലെ രണ്ടാം ഏകദിനം ഞായറാഴ്ച 2.30ന് പ്രേമദാസ സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.