മറക്കാനാവില്ല ഈ നിമിഷം - സചിൻ ബേബി
text_fieldsസചിൻ ബേബി
കോഴിക്കോട്: കേരള ക്രിക്കറ്റ് ചരിത്രത്തിലെ അവിശ്വസനീയവും അവർണനീയവും അതുല്യവുമായ നിമിഷമാണ് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച പിറന്നതെന്ന് നായകൻ സചിൻ ബേബി. കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ എന്നെന്നും ഓർത്തുവെക്കുന്ന മുഹൂർത്തമാണിത്. ചരിത്രത്തിലാദ്യമായി കേരളത്തെ ഫൈനലിലേക്ക് നയിക്കാൻ കഴിഞ്ഞതിൽ അതിരറ്റ സന്തോഷവും അഭിമാനവുമുണ്ടെന്ന് മത്സരശേഷം സചിൻ ‘മാധ്യമ’ത്തിനനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
മുമ്പ് ചാമ്പ്യൻപട്ടമണിഞ്ഞ കരുത്തരായ കർണാടകയും മധ്യപ്രദേശും പഞ്ചാബും ഉത്തർപ്രദേശും പശ്ചിമ ബംഗാളും ഉൾപ്പെട്ട മരണ ഗ്രൂപ്പിൽനിന്ന് ഹരിയാനക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തിയതുതന്നെ ടീമിന്റെ കരുത്ത് തുറന്നുകാട്ടുന്നു. ഒരു ടീമെന്നനിലയിൽ അസാധാരണ ഒത്തിണക്കവും ആത്മവിശ്വാസവും പ്രകടിപ്പിക്കാനായതാണ് ഫൈനലിലേക്ക് വഴിതുറന്നത്.
ആകാംക്ഷയുടെ മുൾമുനയിലെത്തിയ ജമ്മു- കശ്മീരിനെതിരായ മത്സരത്തിൽ നേടിയ ഒറ്റ റൺ ലീഡിന്റെ പ്രചോദനവും ആവേശവുമായാണ് ഞങ്ങൾ അഹ്മദാബാദിലെത്തിയത്. ആ ആവേശം ഒരിഞ്ച് പോലും ചോരാതെ ഞങ്ങളിവിടെയും കളിച്ചു. വീണ്ടുമൊരു രണ്ട് റൺ ലീഡുമായി ഫൈനലിൽ!സെമിയിൽ കൃത്യമായ പ്ലാനുണ്ടായിരുന്നു. ടോസ് തുണച്ചത് ആദ്യം ബാറ്റ് ചെയ്യാൻ അവസരമൊരുക്കി.
ആദ്യം ബാറ്റ് ചെയ്ത് മികച്ച ടോട്ടൽ അനിവാര്യമായിരുന്നു. വേഗം കുറവായിരുന്നെങ്കിലും പൊരുതാനുള്ള സ്കോർ പടുത്തുയർത്താനായി. അസ്ഹറുദ്ദീനും സൽമാൻ നിസാറും സീസണിലുടനീളം ഉജ്ജ്വല ഫോമിലായിരുന്നു. കേരളത്തിന്റെ 457 റൺസിന് മറുപടിയായി ഒരു വിക്കറ്റിന് 222 റൺസുമായി ഗുജറാത്ത് കളിയുടെ മൂന്നാം ദിനം അവസാനിപ്പിക്കുമ്പോഴും ടീം പ്രതീക്ഷ കൈവിട്ടിരുന്നില്ല.
ഓരോ പുതിയ ദിവസവും പ്രതീക്ഷകളുടേതാണ്. ആ കരുത്തിൽ കളിച്ചപ്പോൾ വീണ്ടും ഫൈനൽ സ്വപ്നം മുന്നിലെത്തി. സാധ്യതകളുടെ നൂൽപാലത്തിലായിരുന്ന അവസാന ദിവസം കേരളത്തിന് നഷ്ടപ്പെടാനൊന്നുമില്ലായിരുന്നു. അടരാടി നേടുകയെന്നത് മാത്രമായിരുന്നു ലക്ഷ്യം. ശ്വാസം നിലച്ചു പോകുന്ന ആ ആദ്യ മണിക്കൂർ കേരളത്തിന് അനുകൂലമായി. ദൈവത്തിന് സ്തുതി. പ്രാർഥനയോടെ കാത്തിരുന്ന കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക് ഒരുപാട് നന്ദി..
ഈ സീസണിൽ പരിശീലകനായി എത്തിയ അമയ് ഖുറാസിയയുടെ സാന്നിധ്യം ടീമിന്റെ മൊത്തം പ്രകടനത്തെ മാറ്റിമറിച്ചു. കർക്കശക്കാരനായ അമയ് കളിക്കാരുടെ ശക്തി ദൗർബല്യങ്ങളറിഞ്ഞു ഒപ്പം നിന്നു. ഓരോ കളിക്കാരുടെയും ആത്മവിശ്വാസമുയർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. കോച്ചെന്ന നിലയിലെ സമർപ്പണത്തിന് സമാനതകളില്ല. നിർണായക മത്സരങ്ങളിൽ ഷോൺ റോജർ, വരുൺ നായർ, അഹമ്മദ് ഇംറാൻ എന്നിവർക്ക് അവസരം നൽകിയത് പരീക്ഷണമായിരുന്നു.
സഞ്ജു സാംസണിന്റെ അഭാവത്തിലും ഓരോ മുൻ നിര ബാറ്റ്സ്മാന്മാരും ഉത്തരവാദിത്തത്തോടെ കളിച്ചു. കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ ഫൈനൽ പ്രവേശനം. ബാബ അപരാജിതിന്റെ അഭാവവും ടീമിനെ ബാധിച്ചില്ല. ബൗളർമാരിൽ ജലജും സർവാതെയും നിധീഷും അപാര ഫോമിലായിരുന്നു.
സ്വന്തം ഫോമിന്റെ കാര്യത്തിൽ ആശങ്കകളില്ല. രഞ്ജിയുടെ ആദ്യ ഘട്ടത്തിനുശേഷം പരിക്കേറ്റ് ഒന്നരമാസം വിശ്രമിക്കേണ്ടിവന്നത് ക്രിക്കറ്റ് ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു. ഓരോ കളിക്കാരനും അവരവരുടേതായ ദിവസങ്ങളുണ്ട്. ആ ദിവസങ്ങളിൽ അവർ ടീമിനെ കൈയിലേന്തും. വിദർഭയും കരുത്തരായ എതിരാളികളാണ്. കരുൺനായരടക്കം സീസണിൽ മികച്ച ഫോമിലുള്ള ബാറ്റർമാരും ബൗളർമാരും അടങ്ങിയതാണ് അവരുടെ ടീം. അസാധ്യമായി ഒന്നുമില്ല. കിരീടവിജയം തന്നെയാണ് ലക്ഷ്യം. കേരളം പ്രാർഥനയോടെ ഒപ്പമുണ്ടെന്നതും ടീമിന്റെ കരുത്താണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.