എെൻറ ഇടുക്കി: മച്ചിപ്ലാവിലെ ക്രിക്കറ്റ് കളി
text_fieldsകേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബി ഇടുക്കിയെ കുറിച്ച് സംസാരിക്കുന്നു.( ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ്,സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്)
അടിമാലി മച്ചിപ്ലാവിലാണ് ജനിച്ചത്. വിശ്വദീപ്തി പബ്ലിക് സ്കൂൾ, എസ്.എൻ.ഡി.പി സ്കൂൾ എന്നിവിടങ്ങളിൽ പ്ലസ് ടുവരെ പഠിച്ചു. സ്കൂൾ പഠന കാലത്ത് അത്ലറ്റിക് മത്സരങ്ങളിൽ സജീവമായിരുന്നു. ഫുട്ബാളിലായിരുന്നു താൽപര്യം. പിന്നീടത് ക്രിക്കറ്റിലേക്ക് മാറി. വീടിനടുത്തെ ഗ്രൗണ്ടിലായിരുന്നു കളികൾ. മുതിർന്നവരും കുട്ടികളുമൊക്കെയായി ഒരുപാട് പേരുണ്ടാകും കളിക്കാൻ. പത്രപ്പരസ്യം കണ്ടാണ് ആദ്യമായി ക്രിക്കറ്റ് ടീം സെലക്ഷന് പോകുന്നത്. പിന്നീടങ്ങോട്ട് ക്രിക്കറ്റ് ജീവനായി മാറി. ഇടുക്കി എപ്പോഴും നൊസ്റ്റാൾജിയതന്നെയാണ്. കോളജ് വിദ്യാഭ്യാസത്തിന് എറണാകുളത്തേക്കും ജോലിക്കായി തിരുവനന്തപുരത്തേക്കും പോയപ്പോഴാണ് അത് മനസ്സിലായത്.
ഇടുക്കിയിൽ ജനിച്ചവർക്കെല്ലാം അങ്ങനെതന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. ഇടുക്കിയുടെ കാലാവസ്ഥ മറ്റൊരിടത്തും കിട്ടില്ല. ചെറുപ്പം മുതലുള്ള സൗഹൃദവും ബന്ധുക്കളും. ഇടുക്കിക്കാരെന്ന് പറയുമ്പോൾതന്നെ പുറത്തുള്ളവർ കരുതുന്നത് നല്ല സ്പോർട്സ്മാൻ സ്പിരിറ്റാണെന്നാണ്, അത് ശരിയുമാണ്. കുന്നും മലയും ഓടിച്ചാടി നടക്കുന്ന നമ്മൾ അക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. ചെറുപ്പത്തിൽ ഞാനും വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കുന്ന ഒരാളായിരുന്നില്ല. അതുകൊണ്ടുതന്നെ സ്വാഭാവികമായി നാട്ടിൽനിന്ന് ആർജിച്ചെടുത്ത കരുത്ത് മുതൽക്കൂട്ടായിട്ടുണ്ട്. നാട്ടിലെ ഭക്ഷണശീലങ്ങളും അതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ചെറുപ്പകാലത്ത് സ്കൂളിലെ കായിക മത്സരങ്ങളിൽ സജീവമായതുമുതൽ ഇന്നുവരെ തുടരുന്ന മുടക്കമില്ലാത്ത വ്യായാമ ശീലമാണ് ക്രിക്കറ്റ് കരിയറിലെ വലിയ നേട്ടങ്ങൾക്ക് കാരണമെന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. ഇടുക്കിയിൽ കൂടുതൽ അത്ലറ്റുകളുണ്ടായതും ഈ സവിശേഷതകൊണ്ടാകും. ഞാൻ കളിച്ചുതുടങ്ങുന്ന കാലത്ത് ഇടുക്കിയിൽ ഒരു നല്ല ഗ്രൗണ്ട്പോലും ഉണ്ടായിരുന്നില്ല. എന്നാൽ, ഇന്ന് തൊടുപുഴയിൽ മികച്ചൊരു ക്രിക്കറ്റ് സ്റ്റേഡിയംതന്നെ ഉണ്ട്. പതിനാലാംമൈൽ ഇടവക പള്ളിപ്പെരുന്നാളിന് മുടങ്ങാതെ എത്താറുണ്ട്. ക്രിക്കറ്റിൽ പുതിയ കുറച്ചുപേർ ഇടുക്കിയിൽനിന്ന് വളർന്നുവരുന്നുണ്ട്. തന്റെ വളർച്ചയിൽ ഒരുപാട് പ്രോത്സാഹനം എനിക്ക് ജന്മനാട് തന്നിട്ടുണ്ട്. ഇടുക്കിക്കാരൻ കൂടിയായതിനാലാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.