‘സ്കോർ സ്നേഹം മാത്രം...’; ദ്യോകോ-സ്മിത്ത് സൗഹൃദ പോരിൽ വൈറൽ കമന്‍റുമായി സചിൻ
text_fieldsമെൽബൺ: ആസ്ട്രേലിയൻ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന്‍റെ ടെന്നീസ് കളി കണ്ട് അദ്ഭുതംകൂറി നിൽക്കുന്നു ലോക ടെന്നീസ് ഇതിഹാസം നൊവാക് ദ്യോകോവിചിന്‍റെ ചിത്രങ്ങളും വിഡിയോകളും വൈറലായിരുന്നു.
മെൽബൺ പാർക്കിൽ ആസ്ട്രേലിയൻ ഓപ്പണിനു മുന്നോടിയായി നടന്ന ഒരു പ്രദർശന പരിപാടിക്കിടെയായിരുന്നു രണ്ടു വ്യത്യസ്ത കായിക മേഖലയിൽനിന്നുള്ള രണ്ടു ശ്രദ്ധേയ താരങ്ങൾ മുഖാമുഖം വന്നത്. 24 തവണ ഗ്രാൻഡ് സ്ലാം കിരീടം നേടിയ സെർബിയയുടെ ദ്യോകോവിചിനെ ടെന്നീസ് കോർട്ടിൽ എതിരിടാനെത്തിയത് മുൻ ഓസീസ് നായകൻ സ്മിത്ത്. ഓസീസ് മധ്യനിര ഓട്ടക്കാരൻ പീറ്റർ ബോളും ഇവർക്കൊപ്പം ചേർന്നിരുന്നു.
ദ്യോകോവിചിന്‍റെ ഒരു സോഫ്റ്റ് സർവിന് സ്മിത്തിന്‍റെ മനോഹരമായൊരു റിട്ടേൺ ആയിരുന്നു മറുപടി. താരത്തിന്‍റെ റിട്ടേണിൽ അദ്ഭുതപ്പെട്ട ദ്യോകോവിച് റാക്കറ്റ് താഴെ വെച്ച് സ്മിത്തിനെ വണങ്ങുന്നതും കൈയടിക്കുന്നതും പ്രശംസിക്കുന്നതും ലോകം ഏറ്റെടുത്തിരുന്നു. പരിപാടിക്കിടെ ദ്യോകോവിച് ക്രിക്കറ്റിലും ഒരു പരീക്ഷണം നടത്തിയിരുന്നു.
എല്ലാവർക്കും സ്നേഹം മാത്രം എന്ന കുറിപ്പോടെയാണ് ദ്യോകോ-സ്മിത്ത് സൗഹൃദ പോരാട്ടത്തിന്‍റെ വിഡിയോ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ‘പ്രഗത്ഭരായ രണ്ട് കായികതാരങ്ങളുടെ ഒന്നിച്ചുള്ള നിമിഷങ്ങൾ കാണാൻ തന്നെ മനോഹരമാണ്. സ്കോർ ‘എല്ലാവർക്കും സ്നേഹം’’ -എന്നായിരുന്നു സചിന്‍റെ കുറിപ്പ്.
സചിന്‍റെ സ്നേഹവാക്കുകൾക്ക് കൈകൂപ്പി നിൽക്കുന്ന ഇമോജികൾ പോസ്റ്റ് ചെയ്താണ് ദ്യോകോവിച് നന്ദി പറഞ്ഞത്. ആസ്ട്രേലിയൻ ഓപൺ ടെന്നിസിന് ഞായറാഴ്ച തുടക്കമാകും. 11ാം കിരീടം ലക്ഷ്യമിടുന്ന സെർബിയയുടെ ദ്യോകോവിച്ചാണ് പുരുഷ വിഭാഗത്തിലെ ടോപ്സീഡ്. കൈക്കേറ്റ പരിക്ക് ഭേദമായാണ് സെർബിയൻ താരത്തിന്‍റെ വരവ്. യോഗ്യത മത്സരം ജയിച്ചുവരുന്ന താരമാകും ഒന്നാം റൗണ്ടിലെ എതിരാളി.
സ്പെയിനിന്റെ യുവതാരം കാർലോസ് അൽകാരസാകും ദ്യോകോവിച്ചിന് കിരീടവഴിയിൽ ഏറ്റവും ഭീഷണിയാകുന്നത്. വിംബിൾഡൺ ഫൈനലിൽ അഞ്ച് സെറ്റ് നീണ്ട ത്രില്ലർ പോരാട്ടത്തിൽ അൽകാരസ് ദ്യോകോവിച്ചിനെ കീഴടക്കിയിരുന്നു. റഷ്യയുടെ ഡാനിൽ മെദ്‍വദേവാണ് മറ്റൊരു കരുത്തൻ താരം. 2021ലെ യു.എസ് ഓപൺ ഫൈനലിൽ ദ്യോകോവിച്ചിനെ തോൽപ്പിച്ച ചരിത്രമുണ്ട് മെദ്‍വദേവിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.