ക്രിക്കറ്റ് പഠിപ്പിക്കാനായി ഇനി സചിനും 'ഓൺലൈൻ'; അൺഅക്കാദമിയുടെ ഓഹരിയുടമയും അംബാസഡറും
text_fieldsന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ടെക്-വിദാഭ്യാസ സ്റ്റാർട്ടപ്പായ അൺഅക്കാദമിയുമായി കൈകോർത്ത് ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ. കമ്പനിയിൽ ഓഹരികൾ സ്വന്തമാക്കിയ സചിൻ കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായും തെരഞ്ഞെടുക്കപ്പെട്ടു.
ഇതോടെ അൺഅക്കാദമിയിലൂടെ സചിന്‍റെ വെർച്വൽ ക്രിക്കറ്റ് ക്ലാസുകൾ ജനങ്ങളിലേക്കെത്തും. അൺഅക്കാദമി പ്ലാറ്റ്ഫോമിലുള്ള ഈ ക്ലാസുകൾ എല്ലാവർക്കും പ്രയോജനകരമാക്കാമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
'എല്ലാവർക്കും എന്റെ ക്ലാസുകളിലെത്താം. ജീവിതാനുഭവങ്ങളാണ് ക്ലാസുകളിൽ പങ്കുവെക്കുക. ധാരാളം കുട്ടികളെ കളിക്കളത്തിൽ കാണാറുണ്ടെങ്കിലും ഡിജിറ്റൽ വേദി ആദ്യമായാണ്' -സചിൻ പറഞ്ഞു. കൂടുതൽ പേരിലേക്ക് നേരിട്ട് എത്തിച്ചേരാനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏഴുമാസത്തോളമായി ഇതുസംബന്ധിച്ച് സചിനുമായി ചർച്ചകൾ നടന്നു വരികയായിരുന്നുവെന്ന് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ സഹസ്ഥാപകനും സി.ഇ.ഒ.യുമായ ഗൗരവ് മുഞ്ജൽ പറഞ്ഞു.
ഗൗരവ് മുഞ്ജൽ, റോമൻ സൈനി, ഹേമേഷ് സിംഗ് എന്നിവരാണ് കമ്പനി സ്ഥാപിച്ചത്. 2010ൽ ഒരു യൂട്യൂബ് ചാനലായി തുടങ്ങി 2015ൽ ഓൺലൈൻ പഠന പ്ലാറ്റ്‌ഫോമായി മാറുകയായിരുന്നു.
ഫേസ്ബുക്ക്, ജനറൽ അറ്റ്ലാന്‍റിക്, സെക്വയ ഇന്ത്യ, നെക്സസ് വെഞ്ച്വർ പാർട്ണേഴ്സ് എന്നീ വൻകിട കമ്പനികൾക്ക് അൺഅക്കാമിയിൽ നിക്ഷേപമുണ്ട്. പ്രതിമാസം 1,50,000 ലൈവ് ക്ലാസുകളാണ് അൺഅക്കാദമിയിൽ നടക്കുന്നത്. 47,000ത്തിലധികം അധ്യാപരുടെ സേവനം പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. 14 ഇന്ത്യൻ ഭാഷകളിലായാണ് ക്ലാസുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.