റിയൽ ഹീറോയെ നേരിട്ടുകണ്ട് ഇതിഹാസം! ഭിന്നശേഷിക്കാരനായ ക്രിക്കറ്റർ അമീറിന് സചിന്‍റെ സ്നേഹസമ്മാനം
text_fieldsജമ്മു-കശ്മീർ അംഗപരിമിത ക്രിക്കറ്റ് ടീം നായകൻ അമീർ ഹുസൈനെ നേരിട്ടുകാണണമെന്ന തന്‍റെ ആഗ്രഹം സഫലീകരിച്ച് ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ. ഇരുകൈകളുമില്ലാത്ത അമീർ, കാലുകൊണ്ട് പന്തെറിയുന്നതിന്‍റെയും താടിക്കും ചുമലിനും ഇടയില്‍ ബാറ്റ് തിരുകിവെച്ച് ബാറ്റ് ചെയ്യുന്നതിന്‍റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
വിഡിയോ കണ്ട സചിൻ അമീറിനെ വാനോളം പ്രശംസിക്കുകയും അദ്ദേഹത്തെ നേരിട്ടുകാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അമീറുമായുള്ള കൂടിക്കാഴ്ചയുടെ വിഡിയോ സചിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ‘യഥാർഥ നായകനായ അമീറിന്. പ്രചോദനം തുടരുക! നിങ്ങളെ കണ്ടുമുട്ടിയതിൽ സന്തോഷം’ എന്ന കാപ്ഷനോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. അമീറിന് സ്നേഹസമ്മാനമായി സചിൻ ഒരു ബാറ്റും നൽകുന്നുണ്ട്.
എട്ടാം വയസ്സിൽ പിതാവിന്‍റെ തടിമില്ലില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് അപകടത്തിൽ ആമിറിന് ഇരു കൈകളും നഷ്ടമാകുന്നത്. ക്രിക്കറ്റിനെ സ്‌നേഹിച്ച ആ കുഞ്ഞുമനസ്സ് കഠിന ശ്രമത്തിലൂടെയാണ് തന്‍റെ പരിമിതികളെ മറികടന്നത്. കൈയില്ലെങ്കിലെന്താ, കാലുണ്ടല്ലോ എന്ന വിശ്വാസമാണ് അവനെ മുന്നോട്ടുനയിച്ചത്. അങ്ങനെയാണ് കാലു കൊണ്ട് എഴുതാനും ഭക്ഷണം കഴിക്കാനും തുടങ്ങുന്നത്.
കാലുകൊണ്ട് ഒന്നാന്തരമായി പന്തെറിയാനും പഠിച്ചു. ബാറ്റ് ചുമലിനും താടിക്കും ഇടയില്‍ വച്ച് ബാറ്റിങ്ങും അനായാസം വഴങ്ങും. കാലുകൊണ്ടുള്ള ബൗളിങ്ങും താടിക്കും ചുമലിനും ഇടയില്‍ തിരുകിവച്ചുള്ള ബാറ്റിങ് കൊണ്ടും അമീർ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി. അങ്ങനെയാണ് അമീർ അംഗപരിമിതരുടെ സംസ്ഥാന ക്രിക്കറ്റ് ടീമിലെത്തുന്നതും നായകനാകുന്നതും.
താരത്തിന്‍റെ വൈറലായ വിഡിയോയിൽ 34കാരനായ അമീർ സചിന്‍റെ പേരെഴുതിയ ജഴ്സി ധരിച്ചാണ് ക്രിക്കറ്റ് കളിക്കുന്നത്. ‘അസാധ്യമായത് അമീർ സാധ്യമാക്കുന്നു. ഇത് കണ്ടപ്പോൾ വല്ലാതെ സ്പർശിച്ചു! കളിയോട് അദ്ദേഹത്തിന് എത്രമാത്രം സ്നേഹവും അർപ്പണബോധവും ഉണ്ടെന്ന് ഇതിൽനിന്ന് മനസ്സിലാകും. ഒരു ദിവസം ഞാൻ അമീറിനെ കാണുമെന്നും അദ്ദേഹത്തിന്‍റെ പേരുള്ള ഒരു ജഴ്‌സി കിട്ടുമെന്നും പ്രതീക്ഷിക്കുന്നു. കളിയോട് അഭിനിവേശമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചതിന് അയാൾക്ക് അഭിനന്ദനം’ -സചിൻ അന്ന് വിഡിയോ പങ്കുവെച്ച് എക്സിൽ കുറിച്ചു.
2013 മുതലാണ് അമീർ പാരാ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. 2018ല്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യന്‍ പാരാ ക്രിക്കറ്റ് ടീമിനായും കളിച്ചു. നേപ്പാളിലും ഷാര്‍ജയിലും ദുബൈയിലും അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.