പുകയില പരസ്യങ്ങളിൽ അഭിനയിക്കാത്തതിന്‍റെ കാരണം വെളിപ്പെടുത്തി സചിൻ തെണ്ടുൽക്കർ
text_fieldsപുകയില ഉൽപന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കാത്തതിന്‍റെ കാരണം വെളിപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർ. പുകയില ഉൽപന്നങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് പിതാവ് പറഞ്ഞിരുന്നു. കളിക്കാൻ തുടങ്ങിയതു മുതൽ ഇത്തരം ഓഫറുകൾ നിരവധി വന്നിരുന്നതായും സചിൻ വെളിപ്പെടുത്തി. മഹാരാഷ്ട്ര സർക്കാറിന്‍റെ വായ് ശുചിത്വ കാമ്പയിന്‍റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കാൻ തുടങ്ങുമ്പോൾ, ഞാൻ സ്കൂളിൽനിന്ന് പുറത്തിറങ്ങിയതേയുള്ളു. എനിക്ക് ധാരാളം പരസ്യ ഓഫറുകൾ ലഭിക്കാൻ തുടങ്ങി, പക്ഷേ പുകയില ഉൽപന്നങ്ങൾ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് പിതാവ് എന്നോട് പറഞ്ഞു. എനിക്ക് അത്തരം നിരവധി ഓഫറുകൾ ലഭിച്ചു, പക്ഷേ അവയൊന്നും സ്വീകരിച്ചില്ല’ -സചിൻ പറഞ്ഞു. നല്ല ആരോഗ്യമുള്ള വായ, സമ്പൂർണ ആരോഗ്യത്തിന്റെ ലക്ഷണമാണ്. ഫിറ്റായിരിക്കുകയെന്നത് ഇന്ന് ഒരു ട്രെന്‍ഡായി മാറിയിട്ടുണ്ട്. കാഴ്ചയിലും മാനസിക ആരോഗ്യത്തിലും വായയുടെ ആരോഗ്യത്തിലും ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിൽ ഫിറ്റ്നസിന്‍റെ പ്രധാന്യവും താരം ഊന്നിപ്പറഞ്ഞു. ഫിറ്റ്‌നസ് തന്‍റെ ജീവിത ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിച്ചു. കുട്ടിക്കാലത്ത് ഞാൻ ഒരുപാട് കളിക്കുമായിരുന്നു, ക്രിക്കറ്റിലാണ് ആകൃഷ്ടനായത്. വളരുന്തോറും ഫിറ്റ്നസ് സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞാൻ കൂടുതൽ ബോധവാനായി. അമ്പത് ശതമാനം കുട്ടികൾക്കും വായ് സംബന്ധമായ അസുഖങ്ങളുണ്ട്, അത് അവരുടെ ജീവിതത്തെ ബാധിക്കുന്നു. എന്നാൽ ആരും അതിനെക്കുറിച്ച് വിഷമിക്കുന്നില്ലെന്നും ഇത് അവരുടെ ആത്മവിശ്വാസം തകർക്കുമെന്നും സചിന്‍ കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും കാമ്പയിനിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.