ഒരിക്കൽകൂടി പാഡണിഞ്ഞ് നായകനായി സചിൻ മൈതാനത്ത്; യുവരാജിന്‍റെ ടീമിനെ നാലു വിക്കറ്റിന് തോൽപിച്ചു
text_fieldsബംഗളൂരു: ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർ ഒരിക്കൽകൂടി പാഡണിഞ്ഞ് നായകനായി ക്രിക്കറ്റ് മൈതാനത്ത്. ബംഗളൂരുവിൽ നടന്ന ‘വൺ വേൾഡ് വൺ ഫാമിലി കപ്പ് 2024’ൽ കളിക്കാനാണ് ഇടവേളക്കുശേഷം താരം വീണ്ടും കളത്തിലിറങ്ങിയത്. മത്സരത്തിൽ മുൻതാരം യുവരാജ് സിങ്ങിന്‍റെ വൺ ഫാമിലി ടീമിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തുകയും ചെയ്തു.
മത്സരത്തിൽ വൺ വേൾഡ് ടീമിനെ നയിച്ചത് സചിനായിരുന്നു. മുദ്ദെനഹള്ളിയിലെ ശ്രീ സത്യ സായി ഗ്രാമ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ആരാധകരെ സചിൻ നിരാശപ്പെടുത്തിയില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും താരം തിളങ്ങി. ആദ്യം ബാറ്റു ചെയ്ത യുവരാജിന്‍റെ ടീം നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. മുൻ ഇംഗ്ലീഷ് താരം ഡാരൻ മഡ്ഡിയുടെ അർധ സെഞ്ച്വറി പ്രകടനമാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. താരം 41 പന്തിൽ 51 റൺസെടുത്തു. യൂസുഫ് പത്താൻ (38 റൺസ്), യുവരാജ് (23) എന്നിവരും തിളങ്ങി. മഡ്ഡിയുടെ വിക്കറ്റെടുത്തത് സചിനായിരുന്നു. താരത്തിന്‍റെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങുകയായിരുന്നു.
മറുപടി ബാറ്റിങ്ങിൽ ഒരു പന്ത് ശേഷിക്കെ സചിന്‍റെ വൺ വേൾഡ് ലക്ഷ്യത്തിലെത്തി. 19.5 ഓവറിൽ ടീം 184 റൺസെടുത്തു. അൽവാരോ പീറ്റേഴ്സൺ 50 പന്തിൽ നേടിയ 74 റൺസാണ് ടീമിനെ വിജയത്തിലെത്തിച്ചത്. സചിൻ 16 പന്തിൽ 27 റൺസെടുത്ത് പുറത്തായി. ഒരു സിക്സും മൂന്നു ബൗണ്ടറിയും നേടി. നിർധന കുട്ടികൾക്കുവേണ്ടിയുള്ള സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായി സംഘടിപ്പിച്ച ചാരിറ്റി മത്സരത്തിൽ ഏഴു രാജ്യങ്ങളിൽനിന്നുള്ള മുൻതാരങ്ങളടക്കം അണിനിരന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.