സ്വർഗത്തിൽ ഇതിഹാസത്തിന്‍റെ മാച്ച്! കശ്മീരിലെ റോഡരികിൽ ക്രിക്കറ്റ് കളിച്ച് സചിൻ -വിഡിയോ
text_fieldsക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറും കുടുംബവും ഏതാനും ദിവസങ്ങളായി കശ്മീർ താഴ്വരയിലുണ്ട്. ഭാര്യ അഞ്ജലി, മകൾ സാറ എന്നിവർക്കൊപ്പമാണ് സചിൻ കശ്മീർ സന്ദർശിക്കാനെത്തിയത്.
താഴ്വരയുടെ മനോഹാരിതയിൽ മുഴുകിയും ഗ്രാമീണരോട് സൗഹൃദം പങ്കിട്ടുമാണ് താരത്തിന്‍റെ സന്ദർശനം. ഇതിനിടെ ഗുൽമാർഗിലെ റോഡരികിൽ ഒരുകൂട്ടം ചെറുപ്പക്കാർക്കൊപ്പം ക്രിക്കറ്റ് കളിക്കാനും സചിൻ സമയംകണ്ടെത്തി. റോഡരികിൽ ക്രിക്കറ്റ് കളിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തു. ‘ക്രിക്കറ്റും കശ്മീരും: സ്വര്‍ഗത്തിലെ ഒരു മത്സരം’ എന്ന അടിക്കുറിപ്പോടെയാണ് എക്സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ സചിൻ വിഡിയോ പങ്കുവെച്ചത്.
സചിന്‍ ബാറ്റ് ചെയ്യുമ്പോള്‍ നാട്ടുകാര്‍ കൈയടിക്കുന്നുണ്ട്. ഏതാനും സ്ട്രൈറ്റ് ഷോട്ടുകളും ലെഗ്ഗിലേക്ക് ഫ്ലിക്ക് ഷോട്ടുകളുമാണ് താരം വിഡിയോയിൽ കളിക്കുന്നത്. ഒടുവിൽ ബാറ്റിന്‍റെ താഴ്ഭാഗം കൈയിൽ പിടിച്ച് തന്നെ പുറത്താക്കാൻ ബൗളറെ വെല്ലുവിളിക്കുന്നുണ്ട്. ആ പന്ത് താരം അനായാസം നേരിട്ടു. ചെറുപ്പക്കാർക്കൊപ്പം സെൽഫിയെടുത്താണ് താരം അവിടുന്ന് യാത്ര പറഞ്ഞത്.
ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ബാറ്റ് നിര്‍മാണ യൂനിറ്റില്‍ സചിന്‍ കുടുംബത്തോടൊപ്പം സന്ദര്‍ശനം നടത്തുന്ന വിഡിയോയും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മൂത്ത സഹോദരി തനിക്ക് ആദ്യത്തെ ക്രിക്കറ്റ് ബാറ്റ് വാങ്ങി നല്‍കിയതിനെ കുറിച്ചും സചിൻ പറയുന്നുണ്ട്. സഹോദരിയായ സവിത ടെണ്ടുല്‍ക്കർ അദ്ദേഹത്തിന് ആദ്യമായി സമ്മാനിച്ച ബാറ്റ് കശ്മീര്‍ വില്ലോ ആയിരുന്നു.
ലൈൻ ഓഫ് കൺട്രോളിലെ അവസാന പോയന്‍റായ അമൻ സേതു ബ്രിഡ്ജും താരം സന്ദർശിച്ചു. ഒരു മണിക്കൂറോളം സൈനികരുമായി സംവദിച്ചതിനുശേഷമാണ് താരം മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.