ഒടുവിൽ ഐ.പി.എല്ലിൽ കന്നി വിക്കറ്റ്; മകനെ പ്രശംസിച്ച് സചിൻ ടെണ്ടുൽക്കർ
text_fieldsക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറിന് 78 മത്സരങ്ങളടങ്ങിയ ഐ.പി.എൽ കരിയറിൽ ഒരിക്കൽപോലും വിക്കറ്റ് നേടാനായിട്ടില്ല. 2008 മുതൽ 2013 വരെയുള്ള ഐ.പി.എൽ കരിയറിൽ ആറു ഓവർ മാത്രമാണ് സചിൻ എറിഞ്ഞത്. ബൗൾ ചെയ്തതെല്ലാം 2009 സീസണിലും.
എന്നാൽ, ചൊവ്വാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ മുംബൈ ബൗളറും മകനുമായ അർജുൻ ടെണ്ടുൽക്കർ ഐ.പി.എല്ലിലെ കന്നി വിക്കറ്റ് നേട്ടം സ്വന്തമാക്കി. അവസാന ഓവറിൽ ഭുവനേശ്വർ കുമാറിനെ പുറത്താക്കിയാണ് 23കാരനായ അർജുൻ വിക്കറ്റ് ക്ലബിലെത്തിയത്. അവസാന ഓവറിൽ ഒരു വിക്കറ്റ് കൈയിലിരിക്കെ ഹൈദരാബാദിന് ജയിക്കാൻ വേണ്ടിയിരുന്നത് 20 റൺസായിരുന്നു.
മുംബൈ നായകൻ രോഹിത് ശർമ പന്ത് നൽകിയത് അർജുന്. ഓവറിലെ അഞ്ചാമത്തെ പന്തിലാണ് കന്നി വിക്കറ്റ് നേട്ടം. ഭുവനേശ്വർ കുമാറിന്‍റെ ഷോട്ട് രോഹിത് ശർമ കൈയിലൊതുക്കി. മുംബൈക്ക് 14 റൺസ് ജയം. മത്സരത്തിൽ 2.5 ഓവർ എറിഞ്ഞ അർജുൻ 18 റൺസ് വിട്ടുകൊടുത്താണ് ഒരു വിക്കറ്റെടുത്തത്. പിന്നാലെയാണ് മുംബൈ ടീമിനെയും മകൻ അർജുനെയും പ്രശംസിച്ച് സചിൻ രംഗത്തെത്തിയത്.
മകന്‍റെ വിക്കറ്റ് നേട്ടം മുംബൈയുടെ ഡ്രസിങ് റൂമിലിരുന്ന് നേരിട്ടു കാണുമ്പോൾ സന്തോഷം ആ കണ്ണുകളിലുണ്ടായിരുന്നു. ‘മുംബൈ ഇന്ത്യൻസിന്‍റെ മറ്റൊരു മികച്ച ഓൾ-റൗണ്ട് പ്രകടനം. ബാറ്റിങ്ങിലും ബൗളിങ്ങിലും കാമറൂൺ ഗ്രീൻ അത്ഭുതപ്പെടുത്തി, തിലകും നന്നായി ബാറ്റ് ചെയ്തു. ഓരോ ദിവസവും ഐ.പി.എൽ കൂടുതൽ രസകരമാകുന്നു. മികച്ച മുന്നേറ്റം, ബോയ്സ്! ഒടുവിൽ ടെണ്ടുൽക്കറിന് ഐ.പി.എല്ലിൽ കന്നി വിക്കറ്റ്’ -സചിൻ ട്വിറ്ററിൽ കുറിച്ചു.
അർജുൻ അവസാന ഓവറിൽ മികച്ച നിലവാരത്തിലാണ് പന്തെറിഞ്ഞത്. അഞ്ചു റൺസ് മാത്രം വിട്ടുകൊടുത്ത താരം ഭുവനേശ്വറിന്‍റെ വിക്കറ്റ് നേടി ടീമിനെ ജയിപ്പിക്കുകയും ചെയ്തു. ഒരേ ഐ.പി.എൽ ടീമിനു വേണ്ടി കളിക്കുന്ന ആദ്യത്തെ പിതാവും മകനുമാണ് സചിനും അർജുനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.