സചിൻ ഇപ്പോൾ കളിച്ചിരുന്നെങ്കിൽ ഇരട്ടി റൺസ് നേടിയേനെ! ഏകദിന നിയമത്തിൽ മാറ്റം വേണമെന്ന് ലങ്കൻ മുൻ സൂപ്പർ ഓപ്പണറും
text_fieldsഏകദിന ക്രിക്കറ്റിലെ ഐ.സി.സി നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി മുൻ ശ്രീലങ്കൻ സൂപ്പർ ഓപ്പണർ സനത് ജയസൂര്യയും. നിലവിൽ സചിൻ ടെണ്ടുൽക്കർ കളിക്കുന്നുണ്ടായിരുന്നെങ്കിൽ അദ്ദേഹം ഇരട്ടി റൺസും ഇരട്ടി സെഞ്ച്വറിയും നേടുമായിരുന്നെന്നും താരം അഭിപ്രായപ്പെട്ടു.
ഏകദിന ക്രിക്കറ്റിൽ രണ്ടു ന്യൂ ബാളുകൾ ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്‍റെ അഭിപ്രായം. ഐ.സി.സി 2011ലാണ് രണ്ടു ന്യൂ ബാൾ നിയമം ഏകദിനത്തിൽ നടപ്പാക്കുന്നത്. നിശ്ചിത ഓവർ കഴിയുമ്പോൾ പുതിയ പന്ത് ഉപയോഗിക്കും. ഇങ്ങനെ ഒരു ടീമിന് രണ്ടു പന്ത് ഉപയോഗിക്കേണ്ടിവരുന്നു. മത്സരത്തിൽ മൊത്തം നാലു പന്തുകൾ. ഇതിന്‍റെ ആനുകൂല്യം പൂർണമായും ബാറ്റർമാർക്കാണ് ലഭിക്കുകയെന്ന് നേരത്തെ തന്നെ താരങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
പന്തിന്‍റെ ദൃഢത നിലനിർത്താൻ കഴിയുന്നതോടെ ബാറ്റർമാർക്ക് പൂർണമായി മുതലെടുക്കാനാകും. ഇത് ടീമിന്‍റെ സ്കോറിലും പ്രതിഫലിക്കും. പാകിസ്താൻ ഇതിഹാസ ബൗളർ വഖാർ യൂനിസും ആസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കും സമാന അഭിപ്രായം നേരത്തെ പങ്കുവെച്ചിരുന്നു. മത്സരം ബൗളർമാർക്കു കൂടി അനുകൂലമാകാൻ ന്യൂ ബാൾ നിയമത്തിൽ മാറ്റം വരുത്തണമെന്ന് വഖാർ ആവശ്യപ്പെട്ടിരുന്നു.
നിലവിലെ നിയമപ്രകാരം ഏകദിന ക്രിക്കറ്റ് ബാറ്റിങ് സൗഹൃദമാണെന്നും താരം പറയുന്നു. ഈ അഭിപ്രായം ശരിവെക്കുന്ന താരത്തിലാണ് ജയസൂര്യയും പ്രതികരിച്ചത്. ‘ഏകദിന നിയമത്തിൽ ചില മാറ്റങ്ങൾ വേണമെന്ന വഖാർ യൂനിസിന്‍റെ വാക്കുകളോട് യോജിക്കുന്നു. സചിന് പുതിയ കാലത്തെ നിലവിലെ പവർ പ്ലേ നിയമങ്ങൾ അനുസരിച്ച്, രണ്ട് പന്തിൽ ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നെങ്കിൽ, അദ്ദേഹത്തിന്‍റെ റൺസും സെഞ്ച്വറിയും ഇരട്ടിയാകുമായിരുന്നു’ -ജയസൂര്യ എക്സിൽ കുറിച്ചു.
ഈ ലോകകപ്പിൽ ഭൂരിഭാഗം മത്സരങ്ങളിലും ഉയർന്ന സ്കോറുകളാണ് പിറന്നത്. ഡൽഹിയിൽ ശ്രീലങ്കക്കെതിരായ ലീഗ് റൗണ്ട് മത്സരത്തിൽ ദക്ഷിണാഫ്രിക്ക കുറിച്ചത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണ്. ഓപ്പണർ ക്വിന്‍റൺ ഡീകോക്ക്, എയ്ഡൻ മാർക്രം, റസീ വാൻഡർ ഡസൻ എന്നിവരുടെ സെഞ്ച്വറിയുടെ ബലത്തിൽ 428 റൺസാണ് പ്രോട്ടീസ് നേടിയത്.
കൂടാതെ, ലോകകപ്പിൽ ഒരു ടീം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോഡ് പാകിസ്താനും സ്വന്തമാക്കി. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ശ്രീലങ്ക നേടിയ 345 റൺസാണ് പാകിസ്താൻ മറികടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.