സചിനും ലാറയുമൊക്കെ പിച്ച് കുത്തി നോക്കിയത് എന്തിനാകും? കാരണങ്ങള്‍ പലതാണ്!!
text_fieldsസചിന്‍ ടെണ്ടുല്‍ക്കര്‍ ക്രീസിലേക്ക് വരുന്നത് തന്നെ പിച്ചില്‍ തട്ടി നോക്കിയിട്ടാകും. ബ്രയാന്‍ ലാറ ബൗണ്ടറി നേടിക്കഴിഞ്ഞാല്‍ ക്രീസിന് പുറത്തേക്കിറങ്ങി പിച്ചില്‍ ബാറ്റ് കൊണ്ട് കുത്തി നോക്കി നോണ്‍സ്‌ട്രൈക്കറോട് സംസാരിക്കാന്‍ വരും. ഇതെല്ലാം ടെലിവിഷനിലൂടെ കണ്ടുപഠിച്ച കണ്ടം ക്രിക്കറ്റിലും പിച്ച് കുത്തിയിളക്കും! സചിനും ലാറയും ദ്രാവിഡും പോണ്ടിംഗുമൊക്കെ എന്തിനാകും പിച്ചില്‍ ബാറ്റ് കൊണ്ട് കുത്തി നോക്കിയിട്ടുണ്ടാവുക എന്നറിയാതെയാകും പലരും കണ്ടംക്രിക്കറ്റില്‍ ഇതൊക്കെ പരീക്ഷിച്ചു നോക്കിയിട്ടുണ്ടാവുക, ഉറപ്പ്.
പ്രൊഫഷണല്‍ ബാറ്റര്‍മാര്‍ പിച്ചില്‍ ബാറ്റ് കൊണ്ട് കുത്തി നോക്കുന്നതിന് പല കാരണങ്ങളുണ്ട്. അതില്‍ പ്രധാനം, പിച്ചിന്റെ സ്വഭാവം പഠിക്കലാണ്. പ്രവചനാത്മക സ്വഭാവമായിരിക്കും പിച്ചിന് പലപ്പോഴും. നനവുണ്ടെങ്കില്‍ വിള്ളലുണ്ടെങ്കില്‍ പിച്ചില്‍ പന്തിന്റെ ബൗണ്‍സ് വ്യത്യസ്തമായിരിക്കും. ഓപണ്‍ ചെയ്യാനെത്തുമ്പോളുള്ള അവസ്ഥയാകില്ല മധ്യ ഓവറുകളില്‍. അതുകൊണ്ട് ക്രീസില്‍ പുതുതായെത്തുന്ന ഓരോ ബാറ്ററും പിച്ചില്‍ ഒന്ന് കുത്തി നോക്കും.സമ്മര്‍ദത്തെ അതിജീവിക്കാന്‍ ബാറ്റര്‍മാര്‍ ഈ വിധംപെരുമാറുണ്ട്. നേരിട്ട പന്ത് ബീറ്റ് ആയെങ്കില്‍ അടുത്ത പന്ത് നേരിടാനുള്ള മാനസിക തയ്യാറെടുപ്പിന് ബാറ്റര്‍ ക്രീസ് വിട്ടിറങ്ങും. പന്തിന്റെ ലൈനും ലെംഗ്തും തിരിച്ചറിഞ്ഞെന്ന മട്ടില്‍ പിച്ചില്‍ ചില അടയാളപ്പെടുത്തലുകള്‍ നടത്താന്‍ ബാറ്റ് കൊണ്ട് കുത്തും.
ബൗളര്‍മാരുടെ ശ്രദ്ധ നഷ്ടപ്പെടുത്താനും ഏകാഗ്രത കളയാനും ബാറ്റര്‍മാര്‍ പയറ്റുന്ന തന്ത്രങ്ങളിലും ഈ പ്രക്രിയ ഉള്‍പ്പെടും. പിച്ചില്‍ ചെറിയ മണ്‍പാളികളോ കല്ലുകളോ ഉണ്ടെങ്കില്‍ ബാറ്റ് കൊണ്ട് തട്ടി നോക്കി അത് നീക്കം ചെയ്യാറുണ്ട്. ഇതും ബൗളര്‍മാരുടെ ആശയക്കുഴപ്പത്തിലാക്കും. ബാറ്റര്‍ പിച്ചിലെ ഓരോ സൂക്ഷ്മാണുവിനെയും പഠിക്കുന്നതായി ബൗളര്‍ക്ക് അനുഭവപ്പെടും.
ടെസ്റ്റ് ക്രിക്കറ്റില്‍ ദൈര്‍ഘ്യമേറിയ ഇന്നിംഗ്‌സ് കളിക്കുമ്പോഴാണ് ബാറ്റര്‍മാര്‍ ഈ വിധം പിച്ച് പരിശോധിക്കാറുള്ളത്. ഏകാഗ്രത വര്‍ധിപ്പിക്കാനും മത്സരഗതിയെ കുറിച്ച് ചിന്തിക്കാനുമൊക്കെയാണിത്. ഏകദിന ക്രിക്കറ്റില്‍ നോണ്‍സ്‌ട്രൈക്കറുമായി ആശയവിനിമയം നടത്താന്‍ ഈ തന്ത്രം പയറ്റാറുണ്ട്. ഫീല്‍ഡിലെ ഗ്യാപ്പുകള്‍ രഹസ്യമായി പറഞ്ഞുകൊടുക്കാന്‍ നോണ്‍സ്‌ട്രൈക്കര്‍ പോലും ചിലപ്പോള്‍ പിച്ച് ബാറ്റ് കൊണ്ട് കുത്തി നോക്കി പരിശോധിക്കുകയും സ്‌ട്രൈക്കറോട് ആശയവിനിമയം നടത്താറുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.