സജനക്കിത് സ്വപ്നസാക്ഷാത്കാരം
text_fieldsകൽപറ്റ: ബാറ്റും പന്തും പിടിച്ച് വലിയ സ്വപ്നങ്ങളിലേക്ക് രാജകീയമായി കയറിയെത്തുന്ന ആവേശത്തിലാണ് 29കാരിയായ സജന സജീവൻ. ആവശ്യത്തിന് സൗകര്യങ്ങളുള്ള ഗ്രൗണ്ട് പോലുമില്ലാത്ത വയനാട് മാനന്തവാടിയിൽ നിന്നും കുട്ടിക്രിക്കറ്റിന്റെ ലോകപോരാട്ടത്തിന് സജന സജീവൻ എത്തുന്നത് കഠിനാധ്വാനവും തകര്‍ക്കാനാകാത്ത മനക്കരുത്തും കൂടെകൂട്ടി. ഇന്ത്യ എ ടീമിനെ പ്രതിനിധീകരിച്ച് ആസ്ത്രേലിയയിൽ നടന്ന മത്സരം കഴിഞ്ഞ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന വഴിയാണ് വനിത ടി20 ലോകകപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച വിവരം സജന അറിയുന്നത്.
വനിത ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ കേരളത്തിന് അഭിമാനമായ രണ്ടു പേരിൽ ഒരാളാണ് ഓട്ടോ ഡ്രൈവറായ സജീവന്റെയും മാനന്തവാടി നഗരസഭാംഗമായ ശാരദയുടേയും മകൾ സജന. കേരളത്തില്‍നിന്ന് ദേശീയതലത്തിലേക്ക് ഒരു വനിത ക്രിക്കറ്റ് താരമെത്തുകയെന്നത് തന്നെ പ്രയാസമുള്ള കാര്യമാകുമ്പോഴാണ് ലോകകപ്പ് ടീമില്‍ പിന്നാക്ക വിഭാഗത്തിൽപെട്ട ഒരു വയനാട്ടുകാരി ഇടമുറപ്പിച്ചത്. വനിത പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിലെത്തിയ സജന അരങ്ങേറ്റം രാജകീയമാക്കിയിരുന്നു. അവസാന പന്തില്‍ സിക്സര്‍ നേടി ടീമിനെ വിജയത്തിലെത്തിച്ചതും മികച്ച ഫീല്ഡിങ്ങടക്കം ഓള്‍റൗണ്ട് പ്രകടനവും ചേർന്നാണ് ഇന്ത്യ എ ടീമില്‍ ഇടം നേടിക്കൊടുത്തത്.
മാനന്തവാടി ജി.വി.എച്ച്.എസ്.എസിൽ പ്ലസ് ടുവിന് പഠിക്കുന്ന സമയത്താണ് സജന ക്രിക്കറ്റിലെത്തുന്നത്. ഫിസിക്കല്‍ ട്രെയ്നര്‍ എല്‍സമ്മ ടീച്ചറുടെ നിർദേശം ഉൾകൊണ്ട് പൂർണമായും ക്രിക്കറ്റിലേക്ക് തിരിയുകയായിരുന്നു. ജില്ല ടീമിൽ കളിച്ച സജന തുടർന്ന് കേരള ടീമിലെത്തി. 2021, 22 കാലയളവിൽ കേരളത്തിന്റെ ക്യാപ്റ്റനായിരുന്നു. ഓൾറൗണ്ടറായ സജന ഓഫ് സ്പിന്നറും ബാറ്ററുമാണ്. വീട്ടിൽനിന്ന് 35 കിലോമീറ്റർ അകലെ കൃഷ്ണഗിരി സ്റ്റേഡിയത്തിലായിരുന്നു പരിശീലനം.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ സെലക്ഷന് ട്രയല്‍സില്‍ പങ്കെടുത്ത ആദ്യതവണ പരിചയക്കുറവ് കാരണം ഇടം നേടാനായില്ല. തൊട്ടടുത്ത വർഷം ടീമിന്റെ ഭാഗമായി. ചെന്നൈയില്‍ നടന്ന മത്സരത്തിൽ ഹൈദരാബാദിനെതിരെ സീനിയര്‍ താരത്തിന്റെ അഭാവത്തിൽ കളിക്കളിത്തിലിറങ്ങിയാണ് അരങ്ങേറ്റം. അന്ന് ഒരു പന്തിൽ ജയിക്കാൻ വേണ്ട നാല് റൺസ് അടിച്ചെടുത്താണ് വരവറിയിച്ചത്. 2023ൽ വനിത പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിലെത്തി. 2024ൽ ഇന്ത്യ എ ടീമിലെത്താനും തന്റെ മാസ്മരിക പ്രകടനത്തിലൂടെ സജനക്ക് സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.