'പ്രളയത്തിൽ ക്രിക്കറ്റ് കിറ്റ് ഒലിച്ചുപോയപ്പോൾ വാങ്ങി തന്നത് നടൻ ശിവ കാർത്തികേയൻ'- മലയാളി ക്രിക്കറ്റ് താരം സജന സജീവൻ
text_fields2018ൽ കേരളത്തിനെ ആകെ വലച്ച പ്രളയത്തിൽ ക്രിക്കറ്റ് കിറ്റ് നഷ്ടപ്പെട്ടപ്പോൾ വാങ്ങി തന്നത് തമിഴ് സിനിമാ താരം ശിവ കാർത്തികേയനാണെന്ന് വെളിപ്പെടുത്തുകയാണ് മലയാളി ക്രിക്കറ്റ് താരം സജന സജീവൻ. പ്രളയത്തിൽ താരത്തിന്‍റെ വീട് ഒലിച്ചുപോയിരുന്നു എന്നും അതോടൊപ്പം ക്രിക്കറ്റിൽ നിന്നം നേടിയ ട്രോഫികളും സ്പൈക്കുകളുമെല്ലാം നഷ്ടപ്പെട്ടുവെന്നും സജന പറഞ്ഞു.
'പ്രളയം മൂലം എല്ലാം നഷ്ടപ്പെട്ടപ്പോൾ ശിവകാർത്തികേയൻ സർ എന്നെ വിളിച്ച് എന്തെങ്കിലും സഹായം ആവശ്യമുണ്ടോയെന്നു ചോദിച്ചു. എന്റെ ക്രിക്കറ്റ് കിറ്റെല്ലാം നശിച്ചുപോയെന്ന് പറഞ്ഞപ്പോൾ ഒരാഴ്ചയ്ക്കകം എനിക്കത് വാങ്ങിതന്നു. കനാ എന്ന ക്രിക്കറ്റുമായി ബന്ധമുള്ള ചിത്രത്തിൽ ഞാൻ ശിവകാർത്തികേയനൊപ്പം അഭിനയിച്ചിരുന്നു. എന്നാൽ ഇങ്ങനൊരു സഹായം അപ്രതീക്ഷമായിരുന്നു. ക്രിക്കറ്റിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ഇപ്പോൾ വീടിന്റെ ലോണൊക്കെ അടിക്കുന്നത്,' സജന പറഞ്ഞു.
ഡബ്ല്യു.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്‍റെ താരമാണ് സജന സജീവൻ. ടൂർണമെന്‍റിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ആദ്യ പന്തിൽ സിക്സറടിച്ച് ശ്രദ്ധ നേടിയ താരമാണ് സജന സജീവൻ. ഡൽഹി ക്യാപിറ്റൽസിനെതിരെ ഒരു പന്തിൽ അഞ്ച് റൺസ് വിജയിക്കാൻ വേണ്ടിയിരുന്നപ്പോൾ സിക്സറടിച്ചാണ് താരം ടീമിനെ വിജയിപ്പിച്ചത്. കഴിഞ്ഞ സീസണിലെ ക്യാച്ച് ഓഫ് ദി സീസൺ നേടാനും താരത്തിന് സാധിച്ചു.
ഇന്ത്യൻ ടീമിനെ നീലകുപ്പായമണിയാനും താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്. നിലവിൽ മൂന്നാം സീസണിലേക്ക് കടക്കുമ്പോൾ മുംബൈ ഇന്ത്യൻസിന്‍റെ പ്ലെയിങ് ഇലവനിലെ ഒഴിച്ചുകൂടാനാവാത്ത താരമാണ് സജന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.