പന്തിൽ തുപ്പൽ പുരട്ടുന്നത് ഇനി നടക്കില്ല; പുതുതായി ക്രീസിലേക്ക് വരുന്ന കളിക്കാരൻ സ്ട്രൈക്ക് ചെയ്യണം; ക്രിക്കറ്റ് നിയമങ്ങൾ പരിഷ്കരിച്ച് ഐ.സി.സി
text_fieldsക്രിക്കറ്റിൽ പന്തിൽ തുപ്പൽ പുരട്ടുന്നത് ഇനി മുതൽ നടക്കില്ല. പന്തിൽ തുപ്പൽ പുരട്ടുന്നത് സ്ഥിരമായി നിരോധിച്ചു. നേരത്തെ, കോവിഡിനെ തുടർന്ന് പന്തിൽ തുപ്പൽ പുരട്ടുന്നതിന് രണ്ടു വർഷമായി അനുമതി നൽകിയിരുന്നില്ല.
ചൊവ്വാഴ്ചയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ക്രിക്കറ്റിൽ പുതിയ പരിഷ്കാരങ്ങൾ അവതരിപ്പിച്ചത്. 'കോവിഡുമായി ബന്ധപ്പെട്ട താൽക്കാലിക നിയന്ത്രണമെന്ന നിലയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ രണ്ട് വർഷത്തിലേറെയായി പന്തിൽ തുപ്പൽ പുരട്ടുന്നതിന് വിലക്ക് നിലവിലുണ്ട്, വിലക്ക് ശാശ്വതമാക്കുന്നത് ഉചിതമാണെന്ന് കണക്കാക്കുന്നു' -ഐ.സി.സി പ്രസ്താവാനയിൽ അറിയിച്ചു.
പുതുതായി ക്രീസിലേക്ക് വരുന്ന ബാറ്റർ ഇനി മുതൽ സ്ട്രൈക്ക് ചെയ്യണം. നോൺ സ്ട്രൈക്കർ മറു ക്രീസിൽ എത്തിയാലും പുതുതായി എത്തുന്ന ബാറ്റർ അടുത്ത പന്ത് നേരിടണം. ഏകദിനത്തിലും ടെസ്റ്റിലും ക്രീസിൽ എത്തിയ ബാറ്റർ രണ്ടു മിനിറ്റിനുള്ളിൽ പന്ത് നേരിടണം. ട്വന്‍റി20യിൽ ഇത് ഒന്നര മിനിറ്റാണ്.
ബാറ്റർമാർ പിച്ചിൽനിന്ന് തന്നെ കളിക്കണമെന്നതാണ് മറ്റൊരു പരിഷ്കാരം. ചില ബൗളുകൾ നേരിടാനായി ബാറ്റർമാർ പിച്ചിന് പുറത്തേക്ക് പോകാറുണ്ട്. ഇനി മുതൽ അത് അനുവദിക്കില്ല. ബാറ്ററെ പിച്ചിന് പുറത്തിറങ്ങി കളിക്കാൻ നിർബന്ധിക്കുന്ന ഇത്തരം പന്തുകളെ ഇനി മുതൽ നോ ബൗളായി പരിഗണിക്കും. ക്രിക്കറ്റിൽ മാന്യതയില്ലാത്ത ഔട്ടായി വിശേഷിപ്പിക്കുന്ന മാങ്കാദിങ്ങിനെ ഇനി മുതൽ സാധാരണ റൺ ഔട്ടായി പരിഗണിക്കും.
പന്ത് എറിയാൻ തയാറെടുക്കുന്നതിനിടെ നോൺ സ്ട്രൈക്കർ ക്രീസിനു പുറത്തിറങ്ങിയാൽ ബൗളർ ഔട്ടാക്കുന്നതിന് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇനി മുതൽ ഇത്തരത്തിൽ ഔട്ടാക്കുന്നത് സാധാരണ റൗൺ ഔട്ടായി പരിഗണിക്കും. ബി.സി.സി.ഐ പ്രസിഡന്‍റും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റിയുടെ നിർദേശങ്ങൾ ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റി (സി.ഇ.സി) അംഗീകരിക്കുകയായിരുന്നു.
ബൗളർ ബൗൾ ചെയ്യാൻ ഓടിവരുമ്പോൾ, ടീം അംഗങ്ങൾ ബാറ്ററുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിലുള്ള നീക്കം നടത്തിയാൽ ബാറ്റിങ് ടീമിന് അഞ്ചു റൺസ് അധികമായി നൽകും. അത് ഡെഡ് ബൗളായും കണക്കാക്കും. കൂടാതെ, പന്ത് എറിയുന്നതിന് മുമ്പ് ബൗളർക്ക് ബാറ്ററെ ഓട്ടാക്കാനാകില്ല. പന്ത് എറിയുന്നതിനു മുമ്പേ തന്നെ ബാറ്റർമാർ ക്രീസിനു പുറത്തിറങ്ങി കളിക്കാറുണ്ട്. ഈ അവസരങ്ങളിൽ ബൗളർ പന്ത് സ്റ്റെമ്പിന് നേരെ എറിയുന്നത് മത്സരത്തിൽ സംഭവിക്കുന്നതാണ്. ഇത്തരത്തിലുള്ള ഔട്ടും ഇനി അനുവദിക്കില്ല.
ഈ പന്തും ഡെഡ് ബൗളായി പരിഗണിക്കും. പുതിയ പരിഷ്കാരങ്ങൾ ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.