സാം കറന് പൊന്നുംവില: ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം
text_fieldsഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഇംഗ്ലണ്ടിന്‍റെ സാം കറൻ. മിനി ലേലത്തിൽ 18.50 കോടി രൂപക്കാണ് ഈ ഓൾറൗണ്ടറെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്.
രണ്ടു കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. 2022 ട്വന്‍റി20 ലോകകപ്പിലെ പ്ലേയർ ഓഫ് ദ ടൂർണമെന്റ് പുരസ്‌കാരം നേടിയ താരമാണ്. ബൗളിങ്ങിലും ബാറ്റിങ്ങിലുമുള്ള മികവു പരിഗണിച്ചാണ് പഞ്ചാബ് 24 വയസ്സു മാത്രം പ്രായമുള്ള താരത്തിൽ വൻ നിക്ഷേപം നടത്തിയത്.
ക്രിസ് മോറിസിന്‍റെ റെക്കോഡാണ് താരം മറികടന്നത്. 16.25 കോടി. ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ് എന്നിവരും താരത്തിനായി അവസാനം വരെ രംഗത്തുണ്ടായിരുന്നു. ഈവർഷം സെപ്റ്റംബർ മുതൽ ഇതുവരെ 14 ട്വന്‍റി20 മത്സരങ്ങൾ കളിച്ച താരം 25 വിക്കറ്റ് നേടിയിട്ടുണ്ട്. 7.08 ആണ് ഇക്കണോമി റേറ്റ്. ബാറ്റിങ്ങിലും മികച്ച ഫോമിലാണ് താരം.
ഇംഗ്ലണ്ട് താരങ്ങളായ ഹാരി ബ്രൂക്കും ബെന്‍ സ്റ്റോക്സുമാണ് ലേലത്തിൽ കൂടുതൽ വില ലഭിച്ച മറ്റു താരങ്ങള്‍. ബ്രൂക്കിനെ 13.25 കോടി രൂപക്ക് സൺ റൈസേഴ്‌സ് ഹൈദരാബാദും ബെന്‍ സ്റ്റോക്സിനെ 16.25 കോടിക്ക് ചെന്നൈയും സ്വന്തമാക്കി. ഒന്നര കോടിയായിരുന്നു ബ്രൂക്കിന്‍റെ അടിസ്ഥാന വില. ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസണെ അടിസ്ഥാന വിലയായ രണ്ടു കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് വിളിച്ചെടുത്തു.
മായങ്ക് അഗർവാളിനെ 8.25 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദും അജിങ്ക്യ രഹാനെയെ 50 ലക്ഷത്തിന് ചെന്നൈ സൂപ്പർ കിങ്സും സ്വന്തമാക്കി. മുൻ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്, ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ എന്നിവർക്കായി ആരും രംഗത്തുവന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.