തകർപ്പൻ സിക്സറിലൂടെ സാം കറന് കന്നി ടി20 സെഞ്ച്വറി; ഹാംപ്ഷയറിനെ അഞ്ച് വിക്കറ്റിന് തകർത്ത് സറേ ടീം
text_fieldsലണ്ടൻ: ടി20 ബ്ലാസ്റ്റിൽ ഹാംപ്ഷയറിനെതിരെ തകർപ്പൻ ജയവുമായി ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച് സറേ ടീം. ഓൾറൗണ്ടർ സാം കറൻ ട്വന്റി20 ക്രിക്കറ്റിൽ തന്റെ കന്നി സെഞ്ചറി (102*) കുറിച്ച മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ടീമിന്റെ ജയം. ഹാംപ്ഷയർ കുറിച്ച 184 റൺസ് വിജയലക്ഷ്യം അഞ്ച് പന്ത് ശേഷിക്കേ സറേ മറികടന്നു. ജയിക്കാൻ ഒരോവറിൽ രണ്ട് റൺസ് വേണമെന്നിരിക്കെ സിക്സർ പറത്തിയ കറൻ, ടീമിനെ ജയത്തിലെത്തിക്കുകയും ഒപ്പം സെഞ്ച്വറി പൂർത്തിയാക്കുകയുമായിരുന്നു. ജയത്തോടെ സൗത്ത് ഗ്രൂപ്പിൽ ഒന്നാമതെത്താനും ടീമിനായി. സ്കോർ: ഹാംപ്ഷയർ - 19.5 ഓവറിൽ 183ന് പുറത്ത്. സറേ - 19.1 ഓവറിൽ 5ന് 188.
നേരത്തെ, ടോസ് നേടിയ സറേ ഹാംപ്ഷയറിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അർധ സെഞ്ചറി നേടിയ ടോണി ആൽബർട്ടിന്റെ കരുത്തിലാണ് അവർ ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. 45 പന്തിൽ 66 റൺസ് നേടിയ ആൽബർട്ട് റണ്ണൗട്ടാകുകയായിരുന്നു. ക്യാപ്റ്റൻ ജെയിംസ് വിൻസ് 11 പന്തിൽ 23 റമ്്സ് നേടി. ലിയാം ഡോവ്സൻ (19), എഡ്ഡി ജാക്ക് (14), ബെന്നി ഹൗവൽ (13), ജെയിസ് ഫുള്ളർ (12), ബെൻ മക്ഡർമോട്ട് (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ബാറ്റർമാർ. സറേക്ക് വേണ്ടി ജോർദാൻ ക്ലാർക്ക് മൂന്ന് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിൽ ഒരുഘട്ടത്തിൽ മൂന്നിന് 27 എന്ന നിലയിൽ പരുങ്ങിയ സറേ ടീമിനെ സാം കറനും ഡോം സിബ്ലിയും ചേർന്ന് കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 86 റൺസ് കൂട്ടിച്ചേർത്തു. 27 റൺസുമായി സിബ്ലി മടങ്ങിയെങ്കിലും കറൻ നിലയുറപ്പിച്ചു കളിച്ചു. വ്യക്തിഗത സ്കോർ 44ൽ നിൽക്കേ ഹാംപ്ഷെയർ താരത്തിന് ക്യാച്ച് നൽകിയെങ്കിലും, അംപയർ നോബോൾ വിധിച്ചതിനാൽ രക്ഷപ്പെട്ടു. 58 പന്തിൽ 102 റൺസുമായി താരം പുറത്താകാതെ നിന്നു. ഏഴ് ഫോറും ആറ് സിക്സും അടങ്ങുന്നതാണ് ഇന്നിങ്സ്. ജേമി ഓവർടൻ 12 പന്തിൽ 21 റൺസ് നേടി. ക്യാപ്റ്റൻ ക്രിസ് ജോർദാൻ നാല് റൺസുമായി പുറത്താകാതെനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.