‘അത് എന്റെ തെറ്റ്’; സിഡ്നി ടെസ്റ്റിൽ ബുംറയെ പ്രകോപിപ്പിച്ചെന്ന് സമ്മതിച്ച് കോൺസ്റ്റാസ്
text_fieldsബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിൽ ഉടനീളം ഇന്ത്യ -ആസ്ട്രേലിയ താരങ്ങളുടെ വാക്പോരും വാർത്തകളിൽ ഇടംനേടിയിരുന്നു. ഓസീസ് നിരയിലെ അരങ്ങേറ്റക്കാരനായ സാം കോൺസ്റ്റാസുമായി ഏറ്റുമുട്ടിയ ഇന്ത്യൻ താരങ്ങളെ നിശിതമായി വിമർശിച്ച് ആസ്ട്രേലിയൻ മാധ്യമങ്ങളും രംഗത്ത് വന്നിരുന്നു. 19കാരനായ കോൺസ്റ്റാസിന്റെ ചുമലിലിടിച്ച വിരാട് കോഹ്ലിയെ ആസ്ട്രേലിയൻ മാധ്യമങ്ങൾ കോമാളിയായി പോലും ചിത്രീകരിച്ചു. അവസാന മത്സരം നടന്ന സിഡ്നിയിൽ കോൺസ്റ്റാസ് കൊമ്പുകോർത്ത് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയോടായിരുന്നു.
സിഡ്നി ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യ പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ കോൺസ്റ്റാസ് ബുംറയെ ചൊറിഞ്ഞു. ‘വിക്കറ്റൊന്നും കിട്ടുന്നില്ലേ’ എന്ന് ചോദിച്ച കോൺസ്റ്റാസിന്, തൊട്ടടുത്ത പന്തിൽ ഉസ്മാൻ ഖവാജയുടെ വിക്കറ്റ് പിഴുതാണ് ബുംറ മറുപടി നൽകിയത്. ഖവാജ പുറത്തായതിനു പിന്നാലെ നോൺ സ്ട്രൈക്ക് എൻഡിലുണ്ടായിരുന്ന കോൺസ്റ്റാസിനു നേരെ തിരിയുന്ന ബുംറയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തൊട്ടുമുമ്പ് അമ്പയർ ഇടപെട്ടാണ് കോൺസ്റ്റാസിനെയും ബുംറയെയും വാഗ്വാദത്തിൽനിന്ന് പിന്തിരിപ്പിച്ചത്.
ഇപ്പോൾ, ബുംറയെ താൻ പ്രകോപിപ്പിച്ചിരുന്നുവെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് സാം കോൺസ്റ്റാണ്. “ഞാൻ ബുംറയെ അൽപം അലോസരപ്പെടുത്തിയിരുന്നു. നിർഭാഗ്യവശാൽ ഖവാജ പുറത്തായി. അദ്ദേഹം സമയമെടുത്ത് കളിക്കാനുള്ള ശ്രമത്തിലായിരുന്നു. ആ വിക്കറ്റ് നഷ്ടപ്പെട്ടത് എന്റെ തെറ്റുകൊണ്ടായിരിക്കാം, എന്തായാലും അത് സംഭവിച്ചു. മത്സരത്തെ അതിന്റെ രീതിയിൽ കാണാനാണ് എനിക്കിഷ്ടം. മികച്ച ടീം ഗെയിമിലൂടെയാണ് കളി ജയിച്ചത്” -കോൺസ്റ്റാസ് പറഞ്ഞു. അരങ്ങേറ്റ പരമ്പര തനിക്ക് മറക്കാനാകാത്ത അനുഭവങ്ങളാണ് നൽകിയതെന്നും താരം പ്രതികരിച്ചു.
അതേസമയം ബോർഡർ ഗവാസ്കർ ട്രോഫി പരമ്പര 3-1നാണ് ആസ്ട്രേലിയ തിരിച്ചുപിടിച്ചത്. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനും അവർ യോഗ്യത നേടി. ദക്ഷിണാഫ്രിക്കയാണ് ഫൈനലിൽ എതിരാളികൾ. ആദ്യമായാണ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെത്താതെ പുറത്താകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.