ഇന്ത്യൻ ജഴ്സിയിൽ കളിച്ചില്ലെങ്കിലും കോടികളുടെ കിലുക്കം; ലേലത്തിൽ മിന്നുംതാരങ്ങളായി സമീർ റിസ്‌വിയും ദുബെയും
text_fieldsഐ.പി.എൽ മിനി ലേലത്തിൽ കോളടിച്ച് യുവതാരങ്ങളായ സമീർ റിസ്‌വിയും ശുഭം ദുബെയും. റിസ്‌വിയെ 8.4 കോടി രൂപക്കാണ് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസ് ദുബെയെ ടീമിൽ എത്തിച്ചത് 5.8 കോടി രൂപക്കും. ഇരുവർക്കും വാശിയേറിയ ലേലമാണ് ദുബൈയിൽ നടന്നത്.
ആഭ്യന്തര ക്രിക്കറ്റിൽ ഫിനിഷർ റോളിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തതാണ് ഇരുവർക്കും കോളടിച്ചത്. റിസ്‌വി ഉത്തർപ്രദേശിന്‍റെയും ദുബെ വിദർഭയുടെയും താരങ്ങളാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി20യിൽ ഏഴു ഇന്നിങ്സുകളിൽനിന്നായി 221 റൺസാണ് താരം നേടിയത്. 187.28 ആണ് സ്ട്രൈക്ക് റേറ്റ്. ബംഗാളിനെതിരെ നേടിയ റെക്കോഡ് റൺസ് ചേസ് വിജയത്തിൽ താരം നിർണായക പങ്കുവഹിച്ചിരുന്നു. ഇംപാക്ട് പ്ലെയറായാണ് ദുബെ കളിക്കാനെത്തിയത്.
ദുബെയുടെ അപരാജിത ബാറ്റിങ്ങാണ് (20 പന്തിൽ 58 റൺസ്) 213 റൺസ് ലക്ഷ്യം മറികടന്ന് വിദർഭക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. 13 പന്തുകൾ ബാക്കി നിൽക്കെയാണ് ടീമിന്‍റെ ജയം. ആറു സിക്സും മൂന്നു ഫോറും മത്സരത്തിൽ ദുബെ നേടി. യു.പി ട്വന്‍റി ലീഗിൽ കാൺപൂർ സൂപ്പർ സ്റ്റാറിനായി ഏറ്റവും കൂടുതൽ സിക്സ് നേടിയ താരമാണ് റിസ്‌വി. രണ്ടു തകർപ്പൻ സെഞ്ച്വറികളടക്കം 455 റൺസാണ് ലീഗിൽ താരം അടിച്ചുകൂട്ടിയത്. റിസ്‌വിയുടെ ബാറ്റിങ് മികവ് കണ്ട് പഞ്ചാബ് കിങ്സ് ഉൾപ്പെടെ മൂന്ന് ഐ.പി.എൽ ഫ്രാഞ്ചൈസികള്‍ അദ്ദേഹത്തെ ട്രയൽസിന് ക്ഷണിച്ചിരുന്നു. എന്നാൽ യു.പിയിലെ അണ്ടർ 23 സ്ക്വാഡുമായുള്ള മുൻകൂർ പ്രതിബദ്ധത കാരണം റിസ്‌വിക്ക് ട്രയൽസ് ഉപേക്ഷിക്കേണ്ടി വന്നു.
അണ്ടർ 23 ടീമുകളുമായുള്ള തന്റെ കന്നി മത്സരത്തിൽ, 65 പന്തിൽ 91 റൺസ് അടിച്ചെടുത്താണ് യുവതാരം തന്റെ കഴിവ് തെളിയിച്ചത്. മുഷ്താഖ് അലി ട്രോഫി ട്വന്‍റി20യിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ആദ്യ പത്തു താരങ്ങളിൽ റിസ്‌വിയും ഉണ്ടായിരുന്നു. 139.89 ആണ് സ്ട്രൈക്ക് റേറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.