‘നിങ്ങളെന്താണീ പറയുന്നത്, തീർത്തും തെറ്റാണിത്’; ക്രിക്കറ്റ് താരം സിറാജുമായി മകൾ പ്രണയത്തിലെന്ന വാർത്തകളോട് പ്രതികരിച്ച് നടിയുടെ മാതാവ്
text_fieldsമുഹമ്മദ് സിറാജ്
ഹൈദരാബാദ്: തന്റെ മകളും ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ് വാർത്തകളോട് രൂക്ഷമായി പ്രതികരിച്ച് നടിയുടെ മാതാവ്. ടെലിവിഷൻ നടി മാഹിറ ശർമയുടെ മാതാവ് സാനിയ ശർമയാണ് അടിസ്ഥാന രഹിതമായ മാധ്യമ റിപ്പോർട്ടുകളെ നിശിതമായി വിമർശിച്ച് രംഗത്തുവന്നത്.
‘നിങ്ങൾ എന്താണീ പറയുന്നത്? ഈ പറയുന്നതുപോലെ ഒന്നുമില്ല. ആളുകൾക്ക് തോന്നിയപോലെ എന്തും പറയാമല്ലോ. എന്റെ മകൾ ഇപ്പോൾ ഒരു സെലിബ്രിറ്റിയാണെന്നതുകൊണ്ട് ആരുമായും അവളുടെ പേര് ചേർത്ത് പറയുമെന്ന അവസ്ഥയാണ്. ഇതൊക്കെ നമ്മൾ വിശ്വസിച്ചുതുടങ്ങണോ? ഈ വാർത്തകളെല്ലാം പൂർണമായും തെറ്റാണ്’ -സാനിയ ശർമ ‘ടൈംസ് നൗ’വിനോട് പറഞ്ഞു.
സിറാജും മാഹിറയും പ്രണയത്തിലാണെന്ന രീതിയിൽ ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ആരെങ്കിലും പൊതുശ്രദ്ധ നേടുമ്പോൾ ഇത്തരം ഊഹാപോഹങ്ങൾ എന്തുകൊണ്ടാണെന്നും സാനിയ ശർമ ചോദിക്കുന്നു.
നേരത്തേ, ഗായിക ആശാ ഭോസ്ലേയുടെ പേരമകളായ സനായ് ഭോസ്ലേയുമായി സിറാജ് പ്രണയത്തിലാണെന്ന രീതിയിൽ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇരുവരും ഈ അഭ്യൂഹം തള്ളി രംഗത്തെത്തുകയായിരുന്നു. തങ്ങൾ സഹോദരീ സഹോദരന്മാരെപ്പോലെയാണ് എന്നായിരുന്നു ഈ ഗോസിപ്പുകളോട് ഇരുവരുടെയും പ്രതികരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.