'എന്ത് കോച്ച്‍? ഇത് ഇന്ത്യൻ ടീമാണ്'; ഗംഭീറിനെതിരെ ഒളിയമ്പുമായി മഞ്ജരേക്കർ
text_fieldsടി-20 ലോകകപ്പിന് ശേഷം മാറ്റത്തിന്റെ പാതയിലാണ് ടീം ഇന്ത്യ. ലോകകപ്പ് നേടിയതിന് ശേഷം കോച്ച് രാഹുൽ ദ്രാവിഡ് ടീമിൽ നിന്നും വിടപറഞ്ഞിരുന്നു. ടീമിന്റെ പുതിയ കോച്ചായി ചുമതലയേറ്റിരിക്കുന്നത് 2011ലെ ലോകകപ്പ് ഹീറോയും മുൻ ഓപ്പണിങ് ബാറ്ററുമായ ഗൗതം ഗംഭീറാണ്.
ടീമിന്റെ കോച്ചായതിന് ശേഷം ഒരുപാട് ചുമതലയാണ് ഗംഭീറിനെ തേടിയെത്തുന്നത്. താരത്തിന് മുകളിൽ ഒരുപാട് പ്രതീക്ഷകളാണ് ആരാധകർക്കുള്ളത്. ഇന്ത്യൻ ടീമിന്റെയും ഗംഭീറിന്റെയും ആരാധകർ ഒരുപാട് ആവേശത്തിലാണ് ഗംഭീറിനെ വരവേൽക്കുന്നത്. മാധ്യമങ്ങളും ഗംഭീറിന്റെ വരവിനെ ആഘോഷമാക്കുന്നുണ്ട്. എന്നാൽ താരത്തിനെ ആഘോഷമാക്കുന്നവരോട് ഒന്നടങ്ങാൻ പറയുകയാണ് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. ഒരു വ്യക്തിക്കപ്പുറം ടീമാണ് ക്രിക്കറ്റിന് എല്ലാമെന്ന് മഞ്ചരേക്കർ ചൂണ്ടിക്കാണിച്ചു.
ട്വിറ്ററിലാണ് മഞ്ചരേക്കർ പ്രതികരണം അറിയിച്ചത്.
'കോച്ച് ഇല്ല, ലാൽചന്ദ് രാജ്പുത്, ഗാരി കിർസ്റ്റൺ, രാഹുൽ ദ്രാവിഡ്. ഇവരാണ് ഇന്ത്യ ലോകകപ്പ് നേടിയപ്പോഴുള്ള കോച്ചുമാർ. ഇത് തീർത്തും ഇന്ത്യൻ ടീമിനെ കുറിച്ചാണ് കോച്ച് ആരാണെന്നുള്ളതിലല്ല. ഇത് രണ്ടും ഒന്നാണെന്ന് വിശ്വസിക്കുന്നത് നമ്മൾ നിർത്തണം,' മഞ്ജരേക്കർ ട്വീറ്റ് ചെയ്തു.
കപിൽ ദേവ് ആദ്യമായി ഇന്ത്യയെ ലോകകപ്പിലേക്ക് നയിച്ചപ്പോൾ ഇന്ത്യക്ക് കോച്ചില്ലായിരുന്നു. പിന്നീട് 2007ലും 2011ലും ധോണിക്ക് കീഴിൽ ഇന്ത്യ കിരീടം നേടിയപ്പോൾ ലാൽചന്ദ് രാജ്പുത്, ഗാരി കിർസ്റ്റൺ എന്നിവരായിരുന്നു ഇന്ത്യയുടെ കോച്ചുമാർ. പിന്നീട് ഇന്ത്യ ഒരു ലോകകപ്പ് നേടുന്നത് 2024ൽ ദ്രാവിഡ് കോച്ചായതിന് ശേഷമാണ്. 2013ൽ ഡങ്കൻ ഫ്ലച്ചറുടെ കീഴിൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി നേടിയിരുന്നു.
കോച്ചായതിന് ശേഷം ഗംഭീറിന്റെ ആദ്യ മത്സരം ജുലൈ 27ന് ശ്രിലങ്കക്കെതിരെയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.