നോട്ടിങ്ഹാമിൽ തിളങ്ങിയ ജദേജക്ക് ലോഡ്സ് ടെസ്റ്റിനുള്ള മഞ്ജരേക്കറുടെ ഇലവനിൽ സ്ഥാനമില്ല; കാരണം ഇതാണ്
text_fieldsലണ്ടൻ: മഴ രസംകൊല്ലിയായതോടെ ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. നാലാം ദിവസം കളിയവസാനിക്കുേമ്പാൾ ഇന്ത്യയായിരുന്നു ഡ്രൈവിങ് സീറ്റിൽ. ഒമ്പത് വിക്കറ്റുകൾ കൈയ്യിലിരിക്കേ അഞ്ചാം ദിനം ഇന്ത്യക്ക് വിജയിക്കാൻ 157 റൺസ് കൂടി മതിയായിരുന്നു. എന്നാൽ ഒരു പന്തുപോലും എറിയാനാകാതെ അഞ്ചാം ദിനം മത്സരം ഉപേക്ഷിച്ചു.
ലോഡ്സിലാണ് രണ്ടാം ടെസ്റ്റ്. ഇപ്പോൾ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമേന്ററ്റുമായി സഞ്ജയ് മഞ്ജരേക്കർ. രസകരമായ വസ്തുത എന്താണെന്ന് വെച്ചാൽ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ നിർണായക അർധസെഞ്ച്വറിയുമായി ടീമിന് തുണയായ രവീന്ദ്ര ജദേജയെ അദ്ദേഹം ടീമിൽ ഉൾപെടുത്തിയില്ല. ജദേജയുമായി കാലങ്ങളായി നിലനിൽക്കുന്ന ഉരസലാണ് കാരണമെന്ന് ചിന്തിക്കാൻ വരട്ടെ.
ബാറ്റിങ് മികവിന്‍റെ അടിസ്ഥാനത്തിലാണ് ആർ. അശ്വിനെ പിന്തള്ളി ജദേജ ടീമിൽ ഇടംപിടിച്ചത്. ബാറ്റിങ്ങിൽ തിളങ്ങിയ ജദേജക്ക് പക്ഷേ പന്ത് കൊണ്ട് തിളങ്ങാനായില്ല. ഏഴാം നമ്പറിൽ ഇറങ്ങി 56 റൺസാണ് ജദേജ സ്കോർ ചെയ്തത്. ടെസ്റ്റിൽ ഇംഗ്ലണ്ടിന്‍റെ 20 വിക്കറ്റുകളും വീഴ്ത്തിയത് പേസർമാറായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ് പേസർമാർ 20 വിക്കറ്റുകളും വീഴ്ത്തിയത്. 2018ൽ ജൊഹനാസ്ബർഗിലെ വാൻഡറേഴ്സിൽ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു ആദ്യ സംഭവം. ലോഡ്സിൽ ജദേജക്ക് പകരം അശ്വിനെ കളിപ്പിക്കണമെന്നാണ് മഞ്ജരേക്കറുടെ നിലപാട്.
ഒന്നാം ടെസ്റ്റിൽ ഇംഗ്ലീഷ് നായകൻ ജോ റൂട്ടിന്‍റെയടക്കം നിർണായക വിക്കറ്റ് സ്വന്തമാക്കിയ ശർദുൽ ഠാക്കൂറിനും മഞ്ജരേക്കറിന്റെ ടീമിൽ ഇടം നേടാനായില്ല. നാലു വിക്കറ്റുകളാണ് ശർദുൽ ആദ്യ ഇന്നിങ്സിൽ വീഴ്ത്തിയത്.
കെ.എൽ. രാഹുലും രോഹിത് ശർമയുമാണ് മഞ്ജരേക്കറിന്റെ ഇലവനിലെ ഓപണർമാർ. മൂന്നാം നമ്പരിൽ ചേതേശ്വർ പുജാരയെയാണ് അദ്ദേഹം തെരഞ്ഞെടുത്ത്. നായകൻ വിരാട് കോഹ്ലിക്കും ഉപനായകൻ അജിൻക്യ രഹാനെക്കും പിറകിൽ ആറാം സ്ഥാനത്ത് സ്പെഷ്യലിസ്റ്റ് ബാറ്റ്്സ്മാനെ ഇറക്കണമെന്നാണ് അദ്ദേഹം നിർദേശിക്കുന്നത്. രണ്ടോ മൂന്നോ ബാറ്റ്സ്മാൻമാർക്ക് ഫോമില്ലാത്തതിനാൽ ബാറ്റിങ് നിരക്ക് ആഴം നൽകാനാണ് ബാറ്റ്സ്മാനെ ഉൾപെടുത്താൻ അദ്ദേഹം നിർദേശിക്കുന്നത്.
ഋഷഭ് പന്തായിരിക്കും ഏഴാമൻ. സ്പിന്നറുടെ റോളിൽ അശ്വിൻ എത്തും. ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് പേസർമാർ.
സഞ്ജയ് മഞ്ജരേക്കറുടെ ഇന്ത്യൻ ഇലവൻ: കെ.എൽ. രാഹുൽ, രോഹിത് ശർമ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി (ക്യാപ്റ്റൻ), അജിൻക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത് (കീപ്പർ), ആർ. അശ്വിൻ, ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.