'ഞാനാണ് ന്യൂസിലാൻഡെങ്കിൽ ഒന്നു പേടിച്ചേനെ'; കിവികളെ ട്വന്‍റി-20 ലോകകപ്പ് ഫൈനൽ ഓർമിപ്പിച്ച് മഞ്ജരേക്കർ
text_fieldsഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ടെസ്റ്റ് പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. ആദ്യ ദിനം മഴ കൊണ്ടുപോയ മത്സരത്തിൽ ഇന്ത്യക്ക് ഫസ്റ്റ് ഇന്നിങ്സ് ബാറ്റിങ് തകർച്ച സംഭവിച്ചിരുന്നു. ഇന്ത്യയെ ആദ്യ ഇന്നിങ്സിൽ 46 റൺസിന് ഓൾഔട്ടാക്കിയ കിവികൾ 402 റൺസും നേടി വമ്പൻ ലീഡ് കരസ്ഥമാക്കി.
മൂന്നാം ദിനത്തിൽ രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ ആക്രമണ രീതിയിലായിരുന്നു ബാറ്റ് ചെയ്തത്. നായകൻ രോഹിത് ശർമയും യഷസ്വി ജയ്സ്വാളും ഇന്ത്യക്കായി മോശമല്ലാത്ത തുടക്കം നൽകുകയും ചെയ്തു. ജയ്സ്വാൾ 35 റൺസെടുത്ത് മടങ്ങിയപ്പോൾ നായകൻ രോഹിത് ശർമ നേടിയത് 52 റൺസാണ്. ഇരുവരും പുറത്തായതിന് ശേഷം ഇന്ത്യയുടെ സാധ്യത നിലനിർത്തിയത് വിരാട് കോഹ്ലി-സർഫറാസ് ഖാൻ എന്നിവരാണ്. സർഫറാസ് ആക്രമണം അഴിച്ചുവിട്ടപ്പോൾ വിരാട് മികച്ച കൂട്ടുക്കെട്ട് നൽകി. മൂന്നാം ദിനത്തിലെ അവസാന പന്തിലാണ് വിരാട് മടങ്ങിയത്. 70 റൺസായിരുന്നു വിരാടിന്‍റെ സമ്പാദ്യം.
ഇന്ത്യയുടെ മൂന്നാം ദിനത്തിലെ കളിക്ക് ശേഷം ന്യൂസിലാൻഡിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരമായ മഞ്ജരേക്കർ രംഗത്തെത്തിയിരുന്നു. താൻ ന്യൂസിലാൻഡ് ആണെങ്കിൽ ഇന്ത്യയുടെ ബാറ്റിങ് കണ്ട് കുറച്ചു വിഷമിച്ചേനെ എന്നാണ് മഞ്ജരേക്കർ പറഞ്ഞത്. ഒപ്പം ട്വന്‍റി-20 ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ തിരിച്ചുവരവിനെ കുറിച്ചും അദ്ദേഹം ഓർമിപ്പിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.
'ഞാനാണ് ന്യൂസിലാൻഡ് എങ്കിൽ ഇന്ത്യയുടെ മറുപടി കണ്ട് ഒന്ന് വിഷമിക്കും. തിരിച്ചുവരവ് നടത്താൻ ഈ ഇന്ത്യൻ ടീമിന് ഒരു പ്രത്യേക കഴിവുണ്ട്. ഈ അടുത്ത് നടന്ന ട്വന്‍റി-20 ലോകകപ്പ് ഫൈനലിൽ 30 പന്തിൽ 30 റൺസെടുക്കുന്നതിൽ നിന്നും ദക്ഷിണാഫ്രിക്കയെ അവർ തടഞ്ഞത് ഓർമയുണ്ടോ?,' മഞ്ജരേക്കർ എക്സിൽ കുറിച്ചു. തോറ്റെന്ന് ഉറപ്പിച്ച ലോകകപ്പ് ഫൈനലിൽ ബൗളർമാരായിരുന്നു ഇന്ത്യക്ക് മത്സരം പിടിച്ചുനൽകിയത്.
നാലാം ദിനം കളി പുരോഗമിക്കുമ്പോൾ സെഞ്ച്വറിയുമായി സർഫറാസ് ഖാനും വിക്കറ്റ് കീപ്പർ ഋഷഭ് പന്തുമാണ് ക്രീസിലുള്ളത്. അറ്റാക്ക് ചെയ്ത് കളിച്ച് ഇന്ത്യയെ ഇന്ന് രണ്ടാം സെഷന് മുമ്പ് ലീഡിലെത്തിക്കാനായിരിക്കും ബാറ്റർമാർ ശ്രമിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.