സചിൻ ബേബിക്ക് സെഞ്ച്വറി; കേരളം എട്ടിന് 268
text_fieldsജയ്പുർ: രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ് സിയിൽ രാജസ്ഥാനെതിരായ മത്സരത്തിൽ കേരളം പൊരുതുന്നു. സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുന്ന സചിൻ ബേബിയുടെ (109) മികവിലാണ് കേരളം പോരാട്ടം തുടരുന്നത്. നായകൻ സഞ്ജു സാംസൺ അർധ സെഞ്ച്വറി നേടി (82).
രാജസ്ഥാൻ ആദ്യ ഇന്നിങ്സിൽ നേടിയ 337 റൺസിന് മറുപടിയായി, രണ്ടാം ദിനം അവസാനിക്കുമ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 268 എന്ന നിലയിലാണ് കേരളം. അഞ്ചു വിക്കറ്റിന് 310 എന്ന നിലയിൽ മൂന്നാം ദിനം ആരംഭിച്ച രാജസ്ഥാന്റെ ശേഷിക്കുന്ന അഞ്ചു വിക്കറ്റുകൾ 27 റൺസ് കൂടി ചേർക്കുമ്പോഴേക്കും കേരള ബൗളർമാർ പിഴുതു. മറുപടി ബാറ്റിങ് ആരംഭിച്ച കേരളത്തിന്റെ ഓപണർമാരായ രാഹുലും (10) രോഹൻ പ്രേമും (18) വൺഡൗണായി ഇറങ്ങിയ ഷോൺ റോജറും (പൂജ്യം) എളുപ്പം പുറത്തായതോടെ മൂന്നിന് 31 എന്ന നിലയിലായി. ഈ സമയം ഒത്തുചേർന്ന സഞ്ജു-സചിൻ കൂട്ടുകെട്ടാണ് കേരളത്തെ തകർച്ചയിൽനിന്ന് രക്ഷിച്ചത്.
നാലാം വിക്കറ്റിൽ ഇരുവരും 145 റൺസാണ് കൂട്ടിച്ചേർത്തത്. 108 പന്തിൽ 14 ബൗണ്ടറിയടക്കം 82 റൺസെടുത്ത സഞ്ജുവിനെ മാനവ് സുത്താറാണ് പുറത്താക്കിയത്.
കഴിഞ്ഞ കളിയിൽ സെഞ്ച്വറി നേടിയ അക്ഷയ് ചന്ദ്രൻ (5) റണ്ണൗട്ടാകുകയും ജലജ് സക്സേന (21), സിജോമോൻ ജോസഫ് (10), ബേസിൽ തമ്പി (പൂജ്യം) എന്നിവർ എളുപ്പം പുറത്താകുകയും ചെയ്തതോടെയാണ് എട്ടിന് 268 എന്ന നിലയിലായത്. കേരളം 69 റൺസിന് പിന്നിലാണ്. സെഞ്ച്വറിയുമായി ബാറ്റിങ് തുടരുന്ന സചിൻ ബേബിയിലാണ് പ്രതീക്ഷ. അതേസമയം, ഡൽഹിയിലെ കർണയിൽ സിങ് സ്റ്റേഡിയത്തിലെ മോശം പിച്ചച് കാരണം റയിൽവേസ്- പഞ്ചാബ് മത്സരം നിർത്തിവെച്ചു. 103 ഓവറിൽ 24 വിക്കറ്റുകളാണ് പിച്ചിൽ കൊഴിഞ്ഞുവീണത്. വ്യാഴാഴ്ച മറ്റൊരു പിച്ചിൽ മത്സരം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.