സന്നാഹത്തിൽ നിരാശപ്പെടുത്തി സഞ്ജു; ഒരു റൺസെടുത്ത് പുറത്ത്
text_fieldsന്യൂയോർക്: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ബംഗ്ലാദേശുമായുള്ള സന്നാഹ മത്സരത്തിൽ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. രോഹിത് ശർമക്കൊപ്പം ഓപണറായെത്തിയ സഞ്ജു ആറ് പന്ത് നേരിട്ട് ഒരു റൺസ് മാത്രം നേടി ഷോരിഫുൽ ഇസ്‍ലാമിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ വിക്കറ്റ് കീപ്പർ-ബാറ്റർ ഋഷബ് പന്തിന്റെ തകർപ്പൻ അർധസെഞ്ച്വറിയുടെ മികവിൽ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് അടിച്ചെടുത്തത്. സഞ്ജു പുറത്തായ ശേഷം ഒരുമിച്ച രോഹിത് ശർമയും ഋഷബ് പന്തും ചേർന്ന് മികച്ച കൂട്ടുകെട്ടുയർത്തുമെന്ന് തോന്നിച്ചെങ്കിലും 19 പന്തിൽ 23 റൺസെടുത്ത രോഹിതിനെ മഹ്മൂദുല്ലയുടെ പന്തിൽ റിഷാദ് ഹുസൈൻ പിടികൂടി. 32 പന്തിൽ നാല് വീതം സിക്സും ഫോറുമടക്കം 53 റൺസെടുത്ത പന്ത് റിട്ടയർ ഔട്ടായി തിരിച്ചുകയറി. 16 പന്തിൽ 14 റൺസ് നേടിയ ശിവം ദുബെയും 18 പന്തിൽ 31 റൺസെടുത്ത സൂര്യകുമാർ യാദവും വൈകാതെ മടങ്ങി.
അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യ നടത്തിയ വെടിക്കെട്ടാണ് സ്കോർ 180 കടത്തിയത്. പാണ്ഡ്യ 23 പന്തിൽ 40 റൺസുമായും രവീന്ദ്ര ജദേജ ആറ് പന്തിൽ നാല് റൺസുമായും പുറത്താകാതെനിന്നു. ബംഗ്ലാദേശിനായി മഹെദി ഹസൻ, ഷോരിഫുൽ ഇസ്‍ലാം, മഹ്മൂദുല്ല, തൻവീർ ഇസ്‍ലാം എന്നിവർ ഓരോ വിക്കറ്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.