സചിന് സെഞ്ച്വറി (110*); നിരാശപ്പെടുത്തി സഞ്ജു; ബംഗാളിനെതിരെ കേരളം മികച്ച നിലയിൽ
text_fieldsതിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബംഗാളിനെതിരെ കേരളം മികച്ച നിലയിൽ. തുമ്പ സെന്‍റ് സേവിയേഴ്സ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ കേരളം നാലു വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുത്തിട്ടുണ്ട്.
സചിൻ ബേബിയുടെ സെഞ്ച്വറിയും അക്ഷയ് കുമാറിന്‍റെ അർധ സെഞ്ച്വറിയുമാണ് തകർച്ചയിൽനിന്ന് കേരളത്തെ കരകയറ്റിയത്. 220 പന്തിൽ ഒരു സിക്സും 10 ഫോറുമടക്കം 110 റൺസെടുത്ത് സചിനും 150 പന്തിൽ 76 റൺസുമായി അക്ഷയ് ചന്ദ്രനുമാണ് ക്രീസിൽ. നായകൻ സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി. 17 പന്തിൽ എട്ടു റൺസെടുത്ത് പുറത്തായി. ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരുഘട്ടത്തിൽ നാലു വിക്കറ്റിന് 112 റൺസെന്ന നിലയിൽ തകർന്ന ആതിഥേയരെ, സചിനും ചന്ദ്രനും ചേർന്നാണ് 250 കടത്തിയത്. ഇരുവരും അഞ്ചാം വിക്കറ്റിൽ ഇതിനകം 153 റൺസാണ് കൂട്ടിചേർത്തത്.
സ്‌കോര്‍ 26 റണ്‍സിൽ നിൽക്കെ, രോഹൻ കുന്നുമ്മലിനെ കേരളത്തിന് നഷ്ടമായി. ജയ്സ്വാളിന്റെ പന്തില്‍ മനോജ് തിവാരിക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. പിന്നാലെ 15 പന്തിൽ മൂന്നു റൺസുമായി രോഹൻ പ്രേമും മടങ്ങി. ആകാശിന്റെ പന്തില്‍ അഭിഷേക് പോറലിന് ക്യാച്ച് നല്‍കി. 118 പന്തിൽ 40 റൺസെടുത്ത ജലജ് സക്സേനയെ അങ്കിത് മിശ്ര പുറത്താക്കി. സഞ്ജുവിന് 17 പന്ത് മാത്രമായിരുന്നു ആയുസ്. ഷഹ്ബാസ് അഹമ്മദിന്റെ പന്തില്‍ തിവാരിക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. തിളങ്ങാനായിരുന്നെങ്കിൽ ഇംഗ്ലണ്ടിനെതിരെ അവസാന മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടാന്‍ താരത്തിന് നേരിയ സാധ്യതയുണ്ടായിരുന്നു.
മൂന്നു ടെസ്റ്റുകൾക്കുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അഞ്ച് കളികളിൽ നാല് സമനിലയും ഒരു തോൽവിയുമടക്കം എട്ട് പോയന്‍റുമായി ഗ്രൂപ് ബിയിൽ ആറാം സ്ഥാനത്തുള്ള കേരളത്തിന്‍റെ ക്വാർട്ടർ ഫൈനൽ വഴികൾ പൂർണമായി അടഞ്ഞിട്ടുണ്ട്. ഈ സീസണിൽ ഉത്തർപ്രദേശ്, അസം, ബീഹാർ, ചത്തീസ്ഗഡ് എന്നീ ടീമുകളോട് സമനില വഴങ്ങിയ കേരളം, മുംബൈയോട് കൂറ്റൻ തോൽവിയാണ് ഏറ്റുവാങ്ങിയത്. 12 പോയന്‍റുമായി ഗ്രൂപ്പിൽ അഞ്ചാംസ്ഥാനത്താണ് ബംഗാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.