സിക്സർ കൊണ്ട് മുറിവേറ്റ ആരാധികയെ കാണാൻ സഞ്ജുവെത്തി; വീണ്ടും കൈയടി നേടി താരം -വിഡിയോ
text_fieldsജൊഹാനസ് ബർഗ്: ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ട്വന്റി 20 മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടി കൈയടി നേടിയ സഞ്ജു സാംസണ് വീണ്ടും നിറഞ്ഞ കൈയടി. മത്സരത്തിനിടെ തന്റെ സിക്സർ മുഖത്ത് വീണ് പരിക്കേറ്റ ആരാധികയെ നേരിൽ കണ്ട് ആശ്വസിപ്പിക്കുന്ന സഞ്ജു സാംസണിന്റെ പുതിയ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.
സിക്സർ വന്ന് പതിച്ചതിനിടെ തുടർന്ന് വേദനകൊണ്ട കരയുന്ന യുവതിയുടെ ദൃശ്യങ്ങൾ മത്സരത്തിന് പിന്നാലെ വാർത്തകളിൽ നിറഞ്ഞിരുന്നെങ്കിലും സഞ്ജു മത്സരശേഷം നേരിട്ട് ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങൾ ഇപ്പോഴാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പുറത്തുവരുന്നത്. സഞ്ജുവിന്റെ പ്രവർത്തിക്ക് നിറഞ്ഞ കൈയടിയാണ് സമൂഹ്യമാധ്യമങ്ങളിലെങ്ങും.
മത്സരത്തിൽ ട്രിസ്റ്റൻ സ്റ്റബ്സ് എറിഞ്ഞ 10ാം ഓവറിലെ രണ്ടാം പന്തിലാണ് സഞ്ജുവിന്റെ സിക്‌സര്‍ യുവതിയുടെ കവിളില്‍ കൊണ്ടത്. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ അടുത്ത പന്തില്‍ സഞ്ജു വീണ്ടും സിക്‌സര്‍ അടിക്കുകയായിരുന്നു. ഡീപ് മിഡ്‌വിക്കറ്റിന് മുകളിലൂടെ പന്ത് ബൗണ്ടറിക്ക് അപ്പുറത്തേക്ക് പറന്നു.
ഗാലറിയുടെ കൈവരിയില്‍ തട്ടിയ പന്ത് സുരക്ഷാ ജീവനക്കാരന്റെ മുകളിലൂടെ യുവതിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. സ്ട്രൈക്ക് എൻഡിൽ നിൽക്കുകയായിരുന്ന സഞ്ജു ഇത് കാണുകയും ആംഗ്യത്തിലൂടെ എന്തെങ്കിലും പറ്റിയോ എന്ന് സഞ്ജു ചോദിക്കുന്നതും വീഡിയോയിൽ കാണാം. പിന്നാലെ മറ്റൊരാൾ ഐസ് വെച്ചുകൊടുക്കുന്നതും വിഡിയോയിലുണ്ട്.
സഞ്ജുവിന്റേയും തിലക് വർമയുടെ മിന്നുന്ന സെഞ്ച്വറികളിലൂടെ ഇന്ത്യ ഒന്നിന് 283 എന്ന കൂറ്റൻ സ്‌കോറാണ് നേടിയത്. 135 റൺസിന്റെ വൻ മാർജിനിൽ ജയിച്ച് 3-1നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.