പന്തിനും മുകളിലാണ് സഞ്ജു; ആദ്യ പരിഗണന നൽകണമെന്ന് സിദ്ധു
text_fieldsന്യൂഡൽഹി: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ടീം പ്രഖ്യാപനം നടക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് മുൻ ക്രിക്കറ്റർ നവ്ജ്യോത് സിങ് സിദ്ധു. ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി കടുത്ത മത്സരം നടക്കുന്നതിനിടെയാണ് സിദ്ധു സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയത്.
ലോകകപ്പിൽ ഋഷഭ് പന്ത് ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പറാവുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്ടാം വിക്കറ്റ് കീപ്പറായി ടീമിൽ ഇടംപിടിക്കാൻ കെ.എൽ.രാഹുലും സഞ്ജുസാംസണും തമ്മിൽ കടുത്ത മത്സരം നടക്കുന്നുണ്ടെന്നും വാർത്തകളുണ്ടായിരുന്നു. ഇതിനിടെയാണ് പന്തിനും മുകളിലാണ് സഞ്ജുവെന്നും അതിനാൽ താരത്തെ ഒന്നാം വിക്കറ്റ് കീപ്പറാക്കണമെന്നുമുള്ള പ്രസ്താവനയുമായി സിദ്ധു രംഗത്തെത്തിയിരിക്കുന്നത്.
സഞ്ജു സാംസൺ ഇപ്പോൾ ഫോമിലാണ്. സാംസണെ ഓപ്പണറായോ നാലാം നമ്പറിലോ ആറാം നമ്പറിലോ ബാറ്റിങ്ങിനിറക്കാം. കെ.എൽ രാഹുലും ഫോമിലാണ്. പക്ഷേ, ഞാൻ ഇപ്പോഴും സഞ്ജു സാംസണൊപ്പമാണ്. രണ്ടാമത്തെ വിക്കറ്റ് കീപ്പറായി പന്ത് വരണം. പരിക്കിൽ നിന്നും മോചിതനായാണ് പന്ത് എത്തിയിരിക്കുന്നത്. എന്നാൽ, വൈറ്റ് ബോൾ ക്രിക്കറ്റിൽ പന്തിനെ നിങ്ങൾ ഇപ്പോഴും സ്പെഷ്യലിസ്റ്റായി പരിഗണിക്കുമോ ?. പലപ്പോഴും സ്ഥിരതയാർന്ന ഫോം നിലനിർത്താൻ പന്തിന് കഴിയാറില്ല. എങ്കിലും പന്ത് പരീക്ഷണത്തെ അതിജീവിച്ചുവെന്നും സിദ്ധു പറഞ്ഞു.
വാർഷിക കരാറിൽ നിന്നും മാറ്റി ഇഷാൻ കിഷനെ ബി.സി.സി.ഐ ശിക്ഷിക്കരുതെന്നും സിദ്ധു ആവശ്യപ്പെട്ടു. നല്ല റിഫ്ലെക്സ് ഉള്ള കളിക്കാരനാണ് കിഷനെന്നും സിദ്ധു പറഞ്ഞു. 2024 ഐ.പി.എല്ലിൽ കമന്റേറ്ററായി സിദ്ധു ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. നേരത്തെ രാഷ്ട്രീയഗോദയിലായതിനാൽ ക്രിക്കറ്റിനെ കുറിച്ച് സിദ്ധു കാര്യമായി പ്രതികരിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.