ജയ്സ്വാളിന് സെഞ്ച്വറി തികക്കാൻ വൈഡ് ബാൾ തടഞ്ഞിട്ട് സഞ്ജു; കോഹ്ലിക്ക് വേണ്ടി ധോണി ചെയ്തതിനെ ഓർമപ്പെടുത്തി ആരാധകർ -വിഡിയോ
text_fieldsഒരു ബാറ്ററുടെ വലിയ ആഗ്രഹങ്ങളിലൊന്നാണ് സെഞ്ച്വറി തികക്കുക എന്നത്. കൊൽക്കത്തക്കെതിരെ വമ്പനടികളുമായി ഐ.പി.എൽ ചരിത്രത്തിൽ ഇടംനേടിയ രാജസ്ഥാൻ റോയൽസ് യുവ താരം യശസ്വി ജയ്സ്വാളിന് രണ്ട് റൺ അകലെയാണ് സെഞ്ച്വറി നഷ്ടമായത്.
അപ്പോഴേക്കും ആതിഥേയർ നിശ്ചയിച്ച 150 റൺസ് ലക്ഷ്യത്തിലേക്ക് ഒരു വിക്കറ്റ് നഷ്ടത്തിൽ 13.1 ഓവറിൽ രാജസ്ഥാൻ എത്തി. എന്നാൽ, ജയ്സ്വാളിന് സെഞ്ച്വറി തികക്കാൻ വൈഡ് ബാൾ പ്രതിരോധിച്ച നായകൻ സഞ്ജു സാംസണിന്‍റെ ബാറ്റിങ്ങാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സൂപ്പർതാരം വിരാട് കോഹ്ലിക്ക് വേണ്ടി എം.എസ്. ധോണി ചെയ്തതിനെ ഓർമപ്പെടുത്തിയാണ് ആരാധകർ ഇതിനെ പ്രശംസിക്കുന്നത്.
രാജസ്ഥാന് ജയിക്കാൻ 43 പന്തിൽ മൂന്ന് റൺസ് വേണ്ടപ്പോഴാണ് സംഭവം. 94 റൺസുമായി ജെയ്സ്വാൾ നോൺ സ്ട്രൈക്ക് എൻഡിൽ. സാംസൺ സ്ട്രൈക്കിലും. കൊൽക്കത്ത താരം സുയാഷ് ശർമ വൈഡ് ലെങ്ത്തിലേക്ക് പന്ത് എറിയുന്നു. എന്നാൽ സഞ്ജു കേറി വന്ന് ഡെലിവറി പ്രതിരോധിക്കുന്നു. അടുത്ത ഓവറിൽ ജയ്സ്വാൾ സ്ട്രൈക്കിങ് എൻഡിൽ. ഒരു സിക്സ് അടിച്ചാൽ താരത്തിന് സെഞ്ച്വറി തികക്കാനാകും.
എന്നാൽ, ആദ്യത്തെ പന്തിൽ ജെയ്സ്വാളിന് ബൗണ്ടറി നേടാനെ കഴിഞ്ഞുള്ളു. ടീം ലക്ഷ്യത്തിലെത്തുമ്പോൾ താരത്തിന്‍റെ സ്കോർ 98 റൺസ്. ഐ.പി.എൽ ചരിത്രത്തിലെ അതിവേഗ അർധ സെഞ്ച്വറിയാണ് മത്സരത്തിൽ താരം കുറിച്ചത്. സഞ്ജുവിന്‍റെ വൈഡ് ബാൾ പ്രതിരോധത്തെ ആരാധകർ സമൂഹമാധ്യമങ്ങളിൽ പുകഴ്ത്തി രംഗത്തെത്തി. മുമ്പ് ട്വന്‍റി20 ലോകകപ്പിന്‍റെ സെമി ഫൈനലിൽ എം.എസ്. ധോണി ഇത്തരത്തിൽ കോഹ്ലിക്ക് വേണ്ടി നടത്തിയ പ്രകടനത്തോടാണ് പലരും സഞ്ജുവിന്‍റെ വൈഡ് ബാൾ പ്രതിരോധത്തെ ഉപമിക്കുന്നത്.
മത്സരത്തിൽ ദക്ഷിണാഫ്രിക്ക കുറിച്ച 173 ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 19.1 ഓവറിൽ ജയത്തിലെത്തി. 19ാം ഓവറിന്‍റെ അവസാന പന്തിലാണ് ധോണി ക്രീസിലെത്തുന്നത്. അപ്പോൾ ടീം സ്കോർ തുല്യം. നേരിട്ട ആദ്യ പന്തിൽ തന്നെ ടീമിനെ ജയിപ്പിക്കാൻ അവസരം ഉണ്ടായിട്ടും ധോണി അതിന് മുതിർന്നില്ല. കോഹ്ലിയെ കൊണ്ട് ഫിനിഷ് ചെയ്യിപ്പിക്കാനായിരുന്നു ധോണിയുടെ ആഗ്രഹം. പിന്നാലെ 20ാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടത്തി കോഹ്ലി ടീമിന് ജയം സമ്മാനിച്ചു. 44 പന്തിൽ 72 റൺസാണ് കോഹ്ലി നേടിയത്.
തന്‍റെ കൈ കൊണ്ടു തന്നെ മത്സരം പൂർത്തിയാക്കാനായതിന്‍റെ സന്തോഷം ജയ്സ്വാൾ പങ്കുവെക്കുകയും ചെയ്തു. ടീമിനെ വജയത്തിലെത്തിക്കുക എന്നത് വലിയ വികാരമായിരുന്നു, മത്സരം പൂർത്തിയാക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നതായും മത്സരശേഷം താരം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.