രാജസ്ഥാന് വേണ്ടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാകാം! സഞ്ജുവിനെ തേടി വരുന്നത് വമ്പൻ റെക്കോഡ്
text_fieldsഐ.പി.എൽ രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. വൈകിട്ട് 3.30നാണ് മത്സരം ആരംഭിക്കുക. ഹൈദരാബാദിന്‍റെ തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ ഇമ്പാക്ട് പ്ലെയറായാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ എത്തുക. പരിക്കിനെ തുടർന്ന് താരം കീപ്പിങ്ങിനോ ഫീൽഡിങ്ങിനോ ഇറങ്ങില്ല.
മത്സരത്തിൽ ഇമ്പാക്ട് ബാറ്ററായി ഇറങ്ങി 66 റൺസ് നേടിയാൽ സഞ്ജുവിന് മികച്ച റെക്കോഡിലെത്താൻ സാധിക്കും. രാജസ്ഥാന് വേണ്ടി 4000 ഐ.പി.എൽ റൺസ് തികക്കുന്ന ആദ്യ ബാറ്റർ എന്ന നേട്ടമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. രാജസ്ഥാന് വേണ്ടി ഇതുവരെ 141 ഇന്നിങ്സിൽ നിന്നും 31.72 ശരാശരിയിലും 140.55 സ്ട്രൈക്ക് റേറ്റിലും 3934 റൺസാണ് സഞ്ജു സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറിയും 25 അർധ സെഞ്ച്വറിയും ഇതിൽ ഉൾപ്പെടും.
ഐ.പി.എല്ലിൽ 4,419 റൺസാണ് ഇതുവരെ സഞ്ജു നേടിയത്. ഡൽഹി ഡെയർഡെവിൾസിന് വേണ്ടിയാണ് താരത്തിന്‍റെ ബാക്കി റൺസ്. ആദ്യ മൂന്ന് മത്സരത്തിൽ ബാറ്റിങ്ങിൽ മാത്രം ഇറങ്ങുന്ന സഞ്ജുവിന് പകരം യുവതാരം റിയാൻ പരാഗാണ് രാജസ്ഥാനെ നയിക്കുക.ഐ.പി.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ നായകൻമാരിൽ ഒരാളായി മാറുകയാണ് 23 വയസുകാരനായ പരാഗ്.
അതേസമയം ഐ.പി.എൽ 18ാം സീസൺ ഉദ്ഘാടന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചിരുന്നു. കെ.കെ. ആർ ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം ആർ.സി.ബി ഏഴ് വിക്കറ്റും 22 പന്തും ബാക്കി നിൽക്കെ മറികടന്നു. ആർ.സി.ബിക്കായി സൂപ്പർതാരം വിരാട് കോഹ്ലി മൂന്ന് 59 റൺസും ഫിലിപ് സാൾട്ട്56 റൺസും നേടി. ബൗളിങ്ങിൽ മൂന്ന് വിക്കറ്റ് നേടിയ കുണാൽ പാണ്ഡ്യയാണ് മത്സരത്തിലെ താരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.