സഞ്ജു നാണക്കേടിന്‍റെ റെക്കോഡ് ബുക്കിൽ! കൂട്ടിന് രോഹിത്തും കോഹ്ലിയും
text_fieldsമുംബൈ: ശ്രീലങ്കക്കെതിരായ മൂന്നാം ട്വന്‍റി20യിലും റണ്ണൊന്നും എടുക്കാതെയാണ് സഞ്ജു സാംസൺ പുറത്തായത്. രണ്ടാം മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ താരം ഔട്ടായിരുന്നു.
കളിച്ച രണ്ടു മത്സരങ്ങളിലും ബാറ്റിങ്ങിനിറങ്ങിയ സഞ്ജുവിന്‍റെ അക്കൗണ്ടിലുള്ളത് വട്ടപൂജ്യം. പരിക്കേറ്റ ശുഭ്മൻ ഗിൽ ടീമിലേക്ക് മടങ്ങിയെത്തിയിട്ടും മൂന്നാം മത്സരത്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് വിശ്രമം നൽകിയാണ് സഞ്ജുവിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. രണ്ടു മത്സരങ്ങളിലും താരം ആരാധകരെ നിരാശപ്പെടുത്തി. ആദ്യ മത്സരത്തിൽ മഹീഷ് തീക്ഷണ എറിഞ്ഞ പന്തിൽ ഗോൾഡൻ ഡക്കായാണ് പുറത്തായത്. മൂന്നാം മത്സരത്തിൽ നാലു പന്തുകൾ നേരിട്ട് റണ്ണൊന്നും എടുക്കാതെ മടങ്ങി.
ത്രില്ലർ പോരാട്ടത്തിൽ സൂപ്പർ ഓവറിലാണ് ഇന്ത്യയുടെ ജയം. മൂന്നു മത്സരങ്ങളടങ്ങിയ ട്വന്‍റി20 പരമ്പര ഇന്ത്യ ആധികാരികമായി തന്നെ ജയിച്ചെങ്കിലും സഞ്ജു ഒരു നാണക്കേടിന്‍റെ റെക്കോഡ് ബുക്കിലും ഇടംനേടി. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയിലാണ് സഞ്ജു സ്ഥാനം പിടിച്ചത്. ഈ വർഷം ഇതുവരെ മൂന്നു തവണയാണ് താരം പൂജ്യത്തിന് പുറത്തായത്.
നേരത്തെ ബംഗളൂരുവിൽ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്‍റി20 മത്സരത്തിലും താരം പൂജ്യത്തിന് പുറത്തായിരുന്നു. സൂപ്പർതാരം വിരാട് കോഹ്ലി, നായകൻ രോഹിത് ശർമ, മുൻ താരം യുസുഫ് പത്താൻ എന്നിവരാണ് പട്ടികയിലുള്ളവർ. ഈ വർഷം ഇന്ത്യക്കായി അഞ്ചു ഇന്നിങ്സുകളാണ് താരം കളിച്ചത്. അതിൽ മൂന്നെണ്ണത്തിലും താരം പൂജ്യത്തിനാണ് മടങ്ങിയത്. രോഹിത് രണ്ടു കലണ്ടർ വർഷം മൂന്നു തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. 2018, 2022 കലണ്ടർ വർഷങ്ങളിൽ.
ഈ കലണ്ടർ വർഷം തന്നെയാണ് കോഹ്ലി മൂന്നു തവണ പൂജ്യത്തിന് മടങ്ങിയത്. ലങ്കക്കെതിരായ അവസാന മത്സരത്തിൽ ഇന്ത്യൻ മുൻനിര തകർന്നടിഞ്ഞെങ്കിലും റിയാൻ പരാഗും ശുഭ്മൻ ഗില്ലും ചേർന്നാണ് ഇന്ത്യയെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.