'ജസ്റ്റിസ് ഫോർ സഞ്ജു സാംസൺ' ട്രെൻഡിങ്; സെലക്ടർമാരുടെ അവഗണനക്കെതിരെ സഞ്ജുവിന്റെ പോസ്റ്റ് വൈറൽ
text_fieldsന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പിൽ സെമി കാണാതെ പുറത്തായതിന് പിന്നാലെ പുതിയ നായകനും കോച്ചിനും കീഴിൽ ടീമിനെ പുതുക്കിപ്പണിയാനുള്ള ശ്രമത്തിലാണ് ബി.സി.സി.ഐ. ന്യൂസിലൻഡിനെതിരെ നടക്കാൻ പോകുന്ന ട്വന്‍റി20 പരമ്പരക്കുള്ള ടീമിൽ ചില സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചപ്പോൾ ഐ.പി.എല്ലിൽ തിളങ്ങിയ യുവതാരങ്ങൾക്ക് വിളിയെത്തി. ഹർഷൽ പേട്ടൽ, ആവേഷ് ഖാൻ, റുതുരാജ് ഗെയ്ക്വാദ്, വെങ്കിടേഷ് അയ്യർ എന്നിവരാണ് ടീമിലെത്തിയത്.
അതേസമയം ടീമിലേക്ക് തിരിച്ചുവിളിക്കുമെന്ന് പ്രതീക്ഷിച്ച ചിലർക്ക് സ്ഥാനം നേടാനായിരുന്നില്ല. മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണാണ് അക്കൂട്ടരിൽ പ്രധാനി.
ലോകകപ്പ് ടീമിൽ നിന്ന് തഴഞ്ഞതിന് പിന്നാലെ ഐ.പി.എല്ലിൽ ഒരുസെഞ്ച്വറിയും രണ്ട് അർധശതകവുമടക്കം 484 റൺസ് സ്കോർ ചെയ്ത സഞ്ജുവിനെ ടീമിലെടുക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ ഇഷാൻ കിഷനെ രണ്ടാം വിക്കറ്റ് കീപ്പറുടെ റോളിൽ നിലനിർത്തിയതോടെ സഞ്ജു പുറത്തായി.
സെലക്ടർമാർ സഞ്ജുവിനോട് കാണിക്കുന്ന അവഗണന സോഷ്യൽ മീഡിയയിൽ ചർച്ചയായതിന പിന്നാലെ സഞ്ജുവും പ്രതികരണവുമായി എത്തി. ഇന്ത്യ, ഡൽഹി ഡെയർഡെവിൾസ് ജഴ്സികളിൽ നടത്തിയ അസാമാന്യ ഫീൽഡിങ് പ്രകടനങ്ങളുടെ ചിത്രങ്ങളാണ് സഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തലക്കെട്ടുകൾ ഇല്ലാതെയായിരുന്നു പോസ്റ്റ്. തന്നെ അങ്ങനെ എളുപ്പം പുറത്താക്കാനാകില്ലെന്ന് സഞ്ജു പറയാതെ പറയുകയാണെന്നാണ് ആരാധകർ അനുമാനിക്കുന്നത്.
കിവീസിനെതിരായ പരമ്പരക്കുള്ള ടീമിൽ സഞ്ജുവിനെ ഉൾപെടുത്താത്തതിൽ പ്രതിഷേധിച്ച് 'ജസ്റ്റിസ് ഫോർ സഞ്ജു സാംസൺ' ഹാഷ്ടാഗ് ബുധനാഴ്ച ട്വിറ്ററിൽ ട്രെൻഡിങ്ങായി. ഐ.പി.എല്ലിന് പിന്നാലെ നടന്നുകൊണ്ടിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി20 ടൂർണമെന്‍റിലും മിന്നുന്ന ഫോമിലായിരുന്നു സഞ്ജു. 87.5 ശരാശരിയിൽ 175 റൺസാണ് സഞ്ജു കേരളത്തിനായി അടിച്ചുകൂട്ടിയത്. 147.05 ആണ് സ്ട്രൈക്ക്റേറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.