'ഉറപ്പുള്ള ക്യാപ്റ്റനായി' സഞ്ജു; രാജസ്ഥാൻ വിജയ വഴിയിൽ
text_fieldsമുംബൈ: നായകനൊത്ത പക്വത ബാറ്റിങ്ങിലും തീരുമാനങ്ങളിലും സഞ്ജു സാംസൺ പ്രകടിപ്പിച്ചതോടെ രാജസ്ഥാൻ റോയൽസ് വീണ്ടും വിജയ വഴിയിൽ. 134 റൺസിന്‍റെ കുഞ്ഞൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ നാലുവിക്കറ്റ് നഷ്ടത്തിൽ 18.5 ഓവറിൽ ലക്ഷ്യത്തിലെത്തി. 41 പന്തിൽ 42 റൺസുമായി പുറത്താകാതെനിന്ന സഞ്ജു ടീമിന്‍റെ വിജയ റൺസ് കുറിച്ചാണ് മടങ്ങിയത്. യശ്വസി ജെയ്സ്വാൾ (22), ശിവം ദുബെ (22), ഡേവിഡ് മില്ലർ (24 നോട്ടൗട്ട്) എന്നിവരും തങ്ങളുടെ സംഭാവനകളർപ്പിച്ചു. അഞ്ചുകളികളിൽ നിന്നും രാജസ്ഥാന്‍റെ രണ്ടാം ജയവും കൊൽക്കത്തയുടെ നാലാം തോൽവിയുമാണിത്.
പക്വതയോടെ ക്രീസിലുറച്ച സഞ്ജു ഒട്ടും തിടുക്കം കാണിക്കാതെയാണ് ബാറ്റ് ചെയ്തത്. രണ്ട് ബൗണ്ടറികളും ഒരു സിക്സറും മാത്രമാണ് സഞ്ജു കുറിച്ചത്. ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത സഞ്ജുവിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു രാജസ്ഥാൻ ബൗളർമാർ പുറത്തെടുത്തത്.
എന്നും പഴികേൾപ്പിച്ചിരുന്ന ബൗളിങ് നിര തങ്ങളുടെ ജോലി ഉജ്ജ്വലമാക്കിയപ്പോൾ കൊൽക്കത്തക്ക് 9 വിക്കറ്റ് നഷ്ടത്തിൽ കുറിക്കാനായത് 134 റൺസ് മാത്രം. കൃത്യമായ ഇടവേളകളിൽ ബൗളിങ് ചേഞ്ച് നടത്തിയ സഞ്ജുവിന്റെ തീരുമാനം ശരിവെച്ച് പന്തെടുത്തവരെല്ലാം തങ്ങളുടെ ജോലി വൃത്തിയായി ചെയ്തു. കൂടെ ചോരാത്ത കൈകളുമായി ഫീൽഡർമാരും അണിനിരന്നതോടെ കൊൽക്കത്ത ബാറ്റസ്മാൻക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ക്രിസ് മോറിസ് നാലുവിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ജയ്ദേവ് ഉനദ്കട്, ചേതൻ സിക്കരിയ, മുസ്തഫിസുർ റഹ്മാൻ എന്നിവർ ഓരോവിക്കറ്റുകൾ വീഴ്ത്തി.
കൊൽകത്തക്കായി ശുഭ്മാൻ ഗില്ലും നിതിഷ് റാണയും കരുതലോടെയാണ് തുടങ്ങിയത്. 22 റൺസെടുക്കാൻ റാണ 25 പന്തും ഗിൽ 11 റൺസെടുക്കാൻ 19 പന്തുകളുമാണ് നേരിട്ടത്. പിന്നാലെയെത്തിയവരിൽ ആർക്കും സാഹചര്യത്തിനനുസരിച്ചുള്ള പ്രകടനം പുറത്തെടുക്കാനായില്ല. സുനിൽ നരൈൻ (6), ഇയാൻ മോർഗൻ (0), ദിനേശ് കാർത്തിക് (25), ആന്ദ്രേ റസൽ (9), പാറ്റ് കുമ്മിൻസ് (10) എന്നിങ്ങനെയാണ് ബാറ്റ്മാൻമാരുടെ സ്കോറുകൾ. ഒരു പന്ത് പോലും നേരിടാതെയാണ് മോർഗൻ റൺഔട്ടായി മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.