'ലോകത്തെ ഏതു വലിയ സ്റ്റേഡിയവും കീഴടക്കാൻ കരുത്തനാണ് സഞ്ജു'-പുകഴ്ത്തി രവി ശാസ്ത്രി
text_fieldsപൂനെ: ഇന്ത്യൻ പ്രീമിയർ ലീഗിൽ വെടിക്കെട്ട് ബാറ്റിങ് കൊണ്ട് പ്രകമ്പനം കൊള്ളിക്കുന്ന താരമാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ. ചൊവ്വാഴ്ച സൺറൈസേഴ്സ് ഹൈദരാബാദാണ് സഞ്ജുവിന്റെ കൈക്കരുത്തിന്റെ ചൂടറിഞ്ഞത്. സഞ്ജുവിന്റെ മാച്ച് വിന്നിങ് പ്രകടനത്തിന് പിന്നാലെ രാജസ്ഥാൻ നായകനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ടീം മുൻ പരിശീലകൻ രവി ശാസ്ത്രി. ലോകത്തെ എത്ര വലിയ ബൗണ്ടറികളുള്ള സ്റ്റേഡിയവും കീഴടക്കാനുള്ള കരുത്ത് സഞ്ജുവിനുണ്ടെന്നാണ് രവി ശാസ്ത്രി പറയുന്നത്.
ഹൈദരാബാദിനെതിരെ 27 പന്തിൽനിന്ന് മൂന്നു ഫോറും അഞ്ച് സിക്സും സഹിതം 55 റൺസെടുത്ത സഞ്ജുവിന്റെ മികവിൽ രാജസ്ഥാൻ 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 210 റൺസ് ചേർത്തിരുന്നു. രാജസ്ഥാൻ 61 റൺസിനു ജയിച്ച മത്സരത്തിൽ സഞ്ജു കളിയിലെ താരവുമായി തെരഞ്ഞെടുക്കപ്പെട്ടു.
'ഒരിക്കൽക്കൂടി സഞ്ജു സാംസൺ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷൻ നന്നായിരുന്നു. പന്തിന് കാര്യമായ ടേൺ ലഭിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ സഞ്ജു സ്ട്രൈറ്റ് ബൗണ്ടറിയാണ് മിക്കപ്പോഴും ലക്ഷ്യമിട്ടത്. കൃത്യമായ സ്ഥാനത്തേക്ക് മാറി പന്തിന്റെ പേസ് അവൻ മുതലെടുത്തു. ലോകത്തെ എത്ര വലിയ ബൗണ്ടറികളുള്ള സ്റ്റേഡിയവും കീഴടക്കാനുള്ള കരുത്ത് സഞ്ജുവിനുണ്ട്' – ശാസ്ത്രി സ്റ്റാർ സ്‍പോർട്സിൽ നടന്ന പരിപാടിക്കിടെ പറഞ്ഞു.
'പുണെയിൽ ബാറ്റു ചെയ്യാൻ അവന് ഇഷ്ടപ്പെടമാണ്. മുമ്പ് ഇവിടെ വെച്ച് അവൻ ഐ.പി.എൽ സെഞ്ചുറിയും നേടിയിട്ടുണ്ട്. ഇന്നും സഞ്ജു നല്ല ഫോമിലായിരുന്നു. അഞ്ച് ഓവർ കൂടി അവൻ ക്രീസിലുണ്ടായിരുന്നെങ്കിൽ രാജസ്ഥാന്റെ സ്കോർ 230ലെത്തുമായിരുന്നു. ആക്രമണ ശൈലിയിൽ ബാറ്റുവീശിയ സഞ്ജു ദേവ്ദത്ത് പടിക്കലിനൊപ്പം മികച്ച കൂട്ടുകെട്ടും സൃഷ്ടിച്ചു' – ശാസ്ത്രി പറഞ്ഞു.
ഐ.പി.എല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഹൈദരാബാദിനെതിരെ 61 റൺസിനായിരുന്നു രാജസ്ഥാന്റെ വിജയം. സ്കോർ: രാജസ്ഥാൻ റോയൽസ് - 210/7, സൺറൈസേഴ്സ് ഹൈദരാബാദ് - 149/7.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചഹൽ, രണ്ട് വീതം വിക്കറ്റ് നേടിയ ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ എന്നിവ ബൗളിങ് മികവാണ് ഹൈദരാബാദ് ബാറ്റിങ്ങിന്റെ മുനയൊടിച്ചത്. ഹൈദരാബാദിന്റെ ആദ്യ നാല് ബാറ്റ്സ്മാൻമാർ രണ്ടക്കം കാണും മുമ്പേ പുറത്തായി. ഐദൻ മർക്രാം (57*), വാഷിങ്ടൺ സുന്ദർ (40) എന്നിവരുടെ ബാറ്റിങ്ങാണ് വലിയ തോൽവിയിൽനിന്നും ഹൈദരാബാദിനെ രക്ഷിച്ചത്.
നേരത്തെ സഞ്ജുവിനൊപ്പം മറ്റൊരു മലയാളി താരമായ ദേവ്ദത്ത് പടിക്കലും (29 പന്തിൽ 44) തകർത്തടിച്ചതോടെയാണ് രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ നേടാനായത്. സ്ഥിരം പൊസിഷനായ ഓപണിങ്ങിൽനിന്ന് മാറി നാലമത് ഇറങ്ങേണ്ടിവന്നിട്ടും പതറാതെ കളിച്ച ദേവ്ദത്ത് രണ്ടു സിക്സും നാലു ഫോറും നേടി. ജോസ് ബട്ലർ (28 പന്തിൽ 35), ഷിംറോൺ ഹെറ്റ്മെയർ (13 പന്തിൽ 32), യശസ്വി ജയ്സ്വാൾ (16 പന്തിൽ 20), റിയാൻ പരാഗ് (9 പന്തിൽ 12 നോട്ടൗട്ട്) എന്നിവരും തിളങ്ങി. അവസാനഘട്ടത്തിൽ മൂന്നു സിക്സും രണ്ടു ഫോറുമായി ഹെറ്റ്മെയറാണ് സ്കോർ 200 കടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.