‘‘സഞ്ജു നല്ല പ്രതിഭയുള്ളവനാണ്, പക്ഷേ....’’- മലയാളി താരത്തെ കുറിച്ച് പ്രതികരണവുമായി ഗവാസ്കർ
text_fieldsരാജ്യത്ത് ക്രിക്കറ്റിൽ വലിയ പേരുകാരനായിട്ടും ദേശീയ ടീമിൽ ഇടമുറപ്പിക്കുന്നതിൽ പരാജയമാകുന്നതാണ് മലയാളി താരം സഞ്ജു സാംസന്റെ പതിവ്. വല്ലപ്പോഴും തിരിച്ചുവന്നപ്പോഴാകട്ടെ, എല്ലാവരെയും അമ്പരപ്പിച്ച് വിക്കറ്റ് കളഞ്ഞുകുളിച്ച് ദുഷ്പേര് ചോദിച്ചുവാങ്ങുകയും ചെയ്യും. നീണ്ട ഇടവേളക്കു ശേഷം വീണ്ടും ഇന്ത്യൻ ജഴ്സിയണിഞ്ഞ താരം ശ്രീലങ്കക്കെതിരായ കളിയിൽ ആറു പന്ത് നേരിട്ട് അഞ്ചു റൺസ് മാത്രമെടുത്താണ് മടങ്ങിയത്. അതും ധനഞ്ജയ ഡി സിൽവയുടെ അത്ര അപകടകരമല്ലാത്ത പന്തിൽ. പ്രതിഭാ ധാരാളിത്തം വലിയ വെല്ലുവിളിയായ ഇന്ത്യൻ ക്രിക്കറ്റിൽ കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തുന്നതിൽ താരം പരാജയമാകുന്നത് അംഗീകരിക്കാനാവില്ലെന്ന് ഗവാസ്കർ പറയുന്നു.
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് സഞ്ജു. വിശേഷിച്ച് കുട്ടിക്രിക്കറ്റിൽ. ഇത് അംഗീകരിച്ച ഗവാസ്കർ പറയുന്ന വാക്കുകൾ ഇങ്ങനെ:
‘‘സഞ്ജുവിന് മികച്ച പ്രതിഭയുണ്ട്. എന്നാൽ, ചില ഘട്ടങ്ങളിൽ അവന്റെ ഷോട്ട് സെലക്ഷൻ പാളി അവൻ വീണുപോകുന്നു. അവൻ നിരാശപ്പെടുത്തിയ മറ്റൊരു അവസരമായിരുന്നു ഇത്’’- മുംബൈ വാങ്കഡെ മൈതാനത്ത് ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി20യിൽ കമന്റേറ്ററായിരുന്ന താരം പറഞ്ഞു.
കിട്ടുന്ന അവസരങ്ങൾ ഇരുകൈകൾ കൊണ്ട് സ്വീകരിക്കണമെന്നായിരുന്നു തൊട്ടുപിറകെ ഗൗതം ഗംഭീറിന്റെ പ്രതികരണം. കളി രണ്ടു റൺസിനാണ് ഇന്ത്യ ജയം പിടിച്ചത്. ശിവം മാവി ഉൾപ്പെടെ യുവനിരയുടെ ബൗളിങ് മികവായിരുന്നു ടീം ഇന്ത്യയെ തുണച്ചത്. ബാറ്റിങ്ങിൽ ദീപക് ഹൂഡ- അക്സർ പട്ടേൽ സഖ്യം 68 റൺസെടുത്ത് ഇന്ത്യക്ക് സാമാന്യം മികച്ച ടോട്ടൽ നൽകുന്നതിൽ മുന്നിൽനിന്നു.
കാൽമുട്ടിന് പരിക്കുമായി പുറത്തായ സഞ്ജു പരമ്പരയിലെ ഇനിയുള്ള മത്സരങ്ങളിൽ ഇറങ്ങില്ല. ജിതേഷ് ശർമയാണ് പകരക്കാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.