ബി.സി.സി.ഐ വാർഷിക കരാറിൽ സഞ്ജു സാംസൺ; എപ്ലസ് കാറ്റഗറിയിലേക്ക് കയറി ജഡേജ, പുറത്തായി ഭുവി
text_fieldsബി.സി.സി.ഐ പുറത്തിറക്കിയ പുതിയ കരാർ പട്ടികയിൽ സ്ഥാനക്കയറ്റം ലഭിച്ചും താഴോട്ടിറങ്ങിയും താരങ്ങൾ. മലയാളി താരം സഞ്ജു സാംസൺ ആദ്യമായി വാർഷിക കരാറിൽ എത്തിയതാണ് ഏറ്റവും വലിയ സവിശേഷത. ഏറ്റവും കുറഞ്ഞ പ്രതിഫലമുള്ള സി വിഭാഗത്തിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്.
ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്ന (ഏഴു കോടി) എപ്ലസ് വിഭാഗത്തിൽ നേരത്തെ മൂന്നു പേരായിരുന്നത് ഇത്തവണ രവീന്ദ്ര ജഡേജയെ കൂടി ഉൾപ്പെടുത്തി നാലാക്കി. ക്യാപ്റ്റൻ രോഹിത് ശർമ, മുൻ നായകൻ വിരാട് കോഹ്‍ലി, സ്റ്റാർ പേസർ ജസ്പ്രീത് ബുംറ എന്നിവരാണ് നേരത്തെ പട്ടികയിലുള്ളത്. മൂവരെയും നിലനിർത്തിയാണ് ജഡേജക്ക് സ്ഥാനക്കയറ്റം നൽകിയത്. ആസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി മത്സരങ്ങളിൽ ജഡേജ വഹിച്ച പങ്കാണ് നിർണായകമായത്. നാലു ടെസ്റ്റിൽ 22 വിക്കറ്റ് സ്വന്തമാക്കിയ താരം ബാറ്റിങ്ങിലും മികവുകാട്ടിയിരുന്നു. 2022 ഒക്ടോബർ മുതൽ 2023 സെപ്റ്റംബർ വരെയാണ് വാർഷിക കരാർ കാലാവധി.
ഏഴു കോടി നൽകുന്ന എ പ്ലസ്, അഞ്ചു കോടിക്കാരായ എ, മൂന്നു കോടി നൽകുന്ന ബി, ഒരു കോടി ലഭിക്കുന്ന സി എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി 26 താരങ്ങൾക്കാണ് ബി.സി.സി.ഐ ഇടംനൽകിയിരിക്കുന്നത്.
അതേ സമയം, മുൻനിര ബാറ്റർ കെ.എൽ രാഹുൽ പുതിയ കരാർ പട്ടികയിൽ ഗ്രേഡ് ബിയിലേക്കിറങ്ങി. പേസർ ഭുവനേഷ് കുമാർ, അജിങ്ക്യ രഹാനെ, ഇശാന്ത് ശർമ എന്നിവർ പൂർണമായി പട്ടികയിൽനിന്ന് പുറത്തായത് ദേശീയ ടീമിൽ മൂവർ സംഘത്തിന് ഇടം ലഭിക്കാൻ സാധ്യതയില്ലെന്ന സൂചനയായി. അക്സർ പട്ടേൽ എ വിഭാഗത്തിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ തുടക്കക്കാരനായ കെ.എസ് ഭരത്, അർഷ്ദീപ് സിങ് ആദ്യമായി സി വിഭാഗത്തിലെത്തി.
പരിക്കേറ്റ് വിശ്രമത്തിലുള്ള ഋഷഭ് പന്ത് ‘എ’യിൽ തുടരും. ഹാർദിക് പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി എന്നിവരാണ് എയിലുള്ള മറ്റുള്ളവർ. ചേതേശ്വർ പൂജാര, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ, മുഹമ്മദ് സിറാജ്, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ എന്നിവർ ഗ്രൂപ് ബിയിലാണ്. ഉമേഷ് യാദവ്, ശിഖർ ധവാൻ, ഷാർദുൽ താക്കൂർ, ഇശാൻ കിഷൻ, ദീപക് ഹൂഡ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, സഞ്ജു സാംസൺ എന്നിവർ സിയിലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.