സഞ്ജുവിന്റെ പരിക്ക് ഗുരുതരമോ? ആശങ്കയൊഴിയാതെ രാജസ്ഥാൻ ക്യാമ്പ്
text_fieldsഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിനിടെ പരിക്കേറ്റ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ
ന്യൂഡൽഹി: ബുധനാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെ സൂപ്പർ ഓവറിൽ തോൽവി വഴങ്ങിയ രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. മത്സരത്തിനിടെ നായകൻ സഞ്ജു സാംസൺ പരിക്കേറ്റ് മൈതാനം വിട്ടിരുന്നു. പരിക്കുമൂലം സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ഇംപാക്ട് പ്ലെയറായാണ് സഞ്ജു ക്രീസിലെത്തിയത്. കഴിഞ്ഞ ദിവസം വീണ്ടും പരിക്കേറ്റതോടെ, ടൂർണമെന്റിൽ തുടർ തോൽവികൾ ഏറ്റുവാങ്ങുന്ന രാജസ്ഥാൻ ക്യാമ്പിൽ വീണ്ടും ആശങ്ക ഉയരുകയാണ്. പ്ലേഓഫ് ഉറപ്പിക്കാൻ ശേഷിക്കുന്ന മത്സരങ്ങളിൽ തിരിച്ചുവരവ് നടത്തണമെന്നിരിക്കെയാണ് നായകന് വീണ്ടും പരിക്കേൽക്കുന്നത്.
റിട്ടയേഡ് ഹർട്ടായി ക്രീസ് വിട്ട താരം പിന്നീട് ബാറ്റിങ്ങിന് ഇറങ്ങിയിരുന്നില്ല. സൂപ്പർ ഓവറിലും സഞ്ജു ബാറ്റിങ്ങിന് എത്തിയില്ല, വിക്കറ്റ് കീപ്പറായി ധ്രുവ് ജുറേൽ എത്തുകയും ചെയതു. എന്നാൽ പരിക്ക് ആശങ്കപ്പെടാൻ മാത്രമില്ല എന്ന സൂചനയാണ് മത്സര ശേഷമുള്ള പ്രതികരണത്തിൽ സഞ്ജു നൽകിയത്. വേദന പൂർണമായും മാറാത്തതിനാലാണ് പിന്നീട് ബാറ്റിങ്ങിന് എത്താതിരുന്നതെന്നും ഇപ്പോൾ കുഴപ്പമില്ലെന്നും പറഞ്ഞ സഞ്ജു, ഇന്ന് കൂടുതൽ പരിശോധനക്ക് ശേഷം വിലയിരുത്തുമെന്നും വ്യക്തമാക്കി. പവർപ്ലേയിൽ ലഭിച്ച മികച്ച തുടക്കം മുതലാക്കാൻ കഴിയാതെ വന്നതോടെയാണ് ടീം തോറ്റതെന്നും സഞ്ജു പറഞ്ഞു.
നന്നായി ബാറ്റ് ചെയ്ത് ടീമിന്റെ മുന്നേറ്റത്തിന് സഹായിക്കുന്നതിനിടെ കേരള താരത്തിന് പരിക്ക് പറ്റുക ആയിരുന്നു. മൂന്ന് സിക്‌സും രണ്ട് ബൗണ്ടറിയും സഹിതം 19 പന്തിൽ 31 റൺ എടുത്ത് നിന്ന സഞ്ജു ഡൽഹി സ്പിന്നർ വിപ്രാജ് നിഗത്തിന്റെ ഓവർ കളിക്കുന്നതിനിടെയാണ് പരിക്ക് പറ്റിയത്. താരം എറിഞ്ഞ കളിയുടെ ആറാം ഓവറിൽ സഞ്ജു ആദ്യ പന്തിൽ ബൗണ്ടറിയും രണ്ടാം പന്തിൽ സിക്‌സും നേടി വലിയ ഓവർ ലക്ഷ്യമിടുക ആയിരുന്നു.
എന്നാൽ ഓവറിന്റെ മൂന്നാം പന്തിൽ വലിയ ഒരു ഷോട്ട് കളിക്കാൻ ശ്രമിച്ച സഞ്ജുവിന് ടൈമിംഗ് പിഴച്ചു. പന്ത് മിസ് ആയതിന് തൊട്ടുപിന്നാലെ ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെ താരത്തിന്റെ വാരിയെല്ലിന് പരിക്ക് പറ്റുക ആയിരുന്നു. വേദന കൊണ്ട് പുളഞ്ഞ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനെ ചികിൽസിക്കാൻ ഫിസിയോ എത്തി. അവർ താരത്തിന് ചികിത്സ നൽകി. എന്നിരുന്നാലും എല്ലാം ഒകെ ആയി എന്ന് വിചാരിച്ച സമയത്ത് ഒരു പന്ത് കൂടി കളിച്ചതിന് ശേഷം വീണ്ടും വേദന അനുഭവപ്പെട്ട സഞ്ജു പുറത്തേക്ക് നടക്കുക ആയിരുന്നു. ഇതോടെ റിട്ടയേർഡ് ഹർട്ട് ആയ താരത്തിന് പകരം പരാഗ് ബാറ്റിംഗിന് എത്തി.
നിശ്ചിത 20 ഓവറിൽ ഇരു ടീമുകളും 188 റൺസ് വീതം നേടിയതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് കടന്നത്. ആദ്യം പന്തെറിഞ്ഞ ഡൽഹിയുടെ മിച്ചൽ സ്റ്റാർക് 11 റൺസ് മാത്രമാണ് വിട്ടുനൽകിയത്. ഡൽഹി ക്യാപ്റ്റൻ കെ.എൽ രാഹുലും ട്രിസ്റ്റൻ സ്റ്റബ്സും ചേർന്ന് ടീമിനെ ജയത്തിലേക്ക് നയിച്ചു. ജയത്തോടെ ഡൽഹി ടീം പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.