25 ഇന്നിങ്സ് കളിച്ചവരിൽ ഏറ്റവും മോശം സഞ്ജു; റിഷബ് പന്ത് നാലാമത്
text_fieldsഇന്ത്യക്ക് വേണ്ടി 25 മത്സരമൊ അതിൽ കൂടുതലോ ടി-20 കളിച്ചവരിൽ ഏറ്റവും മോശം ശരാശരിയുള്ള താരമായി സഞ്ജു സാംസൺ. 25 ഇന്നിങ്സുകൾക്ക് ശേഷം മലയാളി വിക്കറ്റ് കീപ്പർ ബാറ്ററിന്‍റെ ശരാശരി വെറും 19.30 ആണ്.
കഴിഞ്ഞ ദിവസം അവസാനിച്ച ഇന്ത്യ ശ്രിലങ്ക ടി-20 പരമ്പരയിലെ അദ്ദേഹം കളിച്ച രണ്ട് മത്സരങ്ങളിലും പൂജ്യനായാണ് മടങ്ങിയത്. രണ്ടാം മത്സരത്തിൽ ആദ്യ ബൗളിൽ ബൗൾഡായ സഞ്ജു രണ്ടാം മത്സരത്തിൽ നാലാം പന്തിൽ ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ഏറേ കാത്തിരുന്ന് കിട്ടിയ അവസരം താരത്തിന് മുതലാക്കാൻ സാധിച്ചില്ല. 25 ഇന്നിങ്സ് കളിച്ചവരിൽ ഏറ്റവും മോശം ശരാശരിയുള്ള രണ്ടാമത്തെ താരം ഓൾറൗണ്ടർ അക്സർ പട്ടേലും മൂന്നാമത് രവീന്ദ്ര ജഡേജയുമാണ്. സഞ്ജുവിന്‍റെ ഒപ്പത്തിനൊപ്പം വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി മത്സരിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റർ റിഷബ് പന്താണ് ശരാശരിയിൽ മോശമായ നാലാമത്തെ താരം. അഞ്ചാമതുള്ളത് ഓൾറൗണ്ടറായ ഹാർദിക്ക് പാണ്ഡ്യയാണ്.
മാറ്റങ്ങളുടെ പാതയിലുള്ള ഇന്ത്യൻ ടീമില് നിലയുറപ്പിക്കാനുള്ള അവസരമായിരുന്നു സഞ്ജുവിന്‍റെ മുന്നിൽ ഉണ്ടായിരുന്നത്. എന്നാൽ താരത്തിന് അവസരം മുതലാക്കാനോ മികച്ച പ്രകടനം നടത്താനോ സാധിച്ചില്ല. അതേസമയം ലങ്കക്കെതിരെയുള്ള പരമ്പര ഇന്ത്യ തൂത്തൂവാരി. മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയിലെ മൂന്നും വിജയിച്ചാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്.
ആവേശകരമായി നീങ്ങിയ അവസാന മത്സരത്തിൽ സൂപ്പർ ഓവറിൽ ലങ്കയെ വെറും രണ്ട് റൺസിന് ഒതുക്കാൻ ഇന്ത്യക്കും വാഷിങ്ടൺ സുന്ദറിനും സാധിച്ചു. സൂപ്പർ ഓവറിൽ ഇന്ത്യ നേരിട്ട ആദ്യ പന്തിൽ തന്നെ ക്യാപ്റ്റൻ സൂര്യകുമാർ ഫോറടിച്ച് വിജയിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ 43 റൺസിനും മഴ കളിച്ച രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റിനുമായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവാണ് പരമ്പരയുടെ താരമായത്.
ഇരും ടീമുകളും ഏകദിന പരമ്പരയിൽ ഏറ്റുമുട്ടും. ഓഗസ്റ്റ് രണ്ടിനാണ് മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്. സീനിയർ താരങ്ങളായ വിരാട് കോഹ്ലി, നായകൻ രോഹിത് ശർമ, വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ. രാഹുൽ എന്നിവർ ടീമിലേക്ക് തിരിച്ചെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.