അന്ന് ക്യാപ്റ്റനായിരിക്കെ ദ്രാവിഡിന്‍റെ ക്ഷണം, ഇന്ന് അദ്ദേഹം പരിശീലകൻ; നടന്നതെല്ലാം സ്വപ്നം പോലെയെന്ന് സഞ്ജു
text_fieldsജയ്പുർ: 2013ൽ മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ് ക്യാപ്റ്റനായിരിക്കെയാണ് മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിലെത്തുന്നത്. പിന്നീട് ദ്രാവിഡ് പരിശീലകനായിരിക്കെ ഇന്ത്യൻ ടീമിൽ കളിക്കാനും സഞ്ജുവിനായി. ഇത്തവണ റോയൽസിന്‍റെ പരിശീലകനായി ദ്രാവിഡ് മടങ്ങിയെത്തുമ്പോഴാകട്ടെ, സഞ്ജു ടീമിന്‍റെ ക്യാപ്റ്റനും. ദ്രാവിഡുമായുള്ള ബന്ധത്തെക്കുറിച്ച് സഞ്ജു മനസ് തുറക്കുന്ന അഭിമുഖത്തിലെ വാക്കുകൾ ഇപ്പോൾ വൈറലാകുകയാണ്.
“പല കാര്യങ്ങളും നമ്മൾ ആലോചിക്കുമ്പോൾ വളരെ രസകരമായി തോന്നും. എന്‍റെ ആദ്യ സീസണിൽ, ട്രയൽസിനിടെ രാഹുൽ സാറിന്‍റെ കണ്ണിൽ ഞാൻ പെടുകയായിരുന്നു. അന്നദ്ദേഹം രാജസ്ഥാൻ റോയൽസിന്‍റെ ക്യാപ്റ്റനാണ്. എന്‍റെ കളി കണ്ടുനിന്ന അദ്ദേഹം പിന്നീട് അരികിലെത്തി ‘എന്‍റെ ടീമിനു വേണ്ടി കളിക്കാമോ’ എന്ന് ചോദിച്ചു. അന്നുമുതൽ ഇന്നുവരെ നടന്നതെല്ലാം സ്വപ്നം പോലെയാണെനിക്ക് തോന്നുന്നത്. ഇപ്പോൾ ഞാൻ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാണ്. വർഷങ്ങളുടെ ഇടവേളക്കുശേഷം രാഹുൽ സർ പരിശീലകനായി തിരിച്ചെത്തിയിരിക്കുന്നു.
രാഹുൽ സർ എല്ലായ്പ്പോഴും രാജസ്ഥാൻ റോയൽസ് കുടുംബത്തിന്‍റെ ഭാഗമാണ്. അദ്ദേഹം തിരിച്ചെത്തിയതിൽ ഞങ്ങൾക്ക് വലിയ സന്തോഷമാണ്. റോയൽസിലും ഇന്ത്യൻ ടീമിലും അദ്ദേഹത്തിനു കീഴിൽ കളിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തവണ ഞാൻ ക്യാപ്റ്റനായിരിക്കെ അദ്ദേഹം പരിശീലകനാകുന്നു എന്നത് വ്യക്തിപരമായി വളരെ സന്തോഷമുള്ള കാര്യമാണ്. വരുംനാളുകളിൽ അദ്ദേഹത്തിൽനിന്ന് കൂടുതൽ കാര്യങ്ങൾ പഠിക്കാനാകുമെന്നാണ് ഞാൻ കരുതുന്നത്” -ജിയോ ഹോട്ട്സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ സഞ്ജു പറഞ്ഞു.
കഴിഞ്ഞ വർഷം ഇന്ത്യൻ ടീം ട്വന്‍റി20 ലോകകപ്പ് നേടിയതിനു പിന്നാലെയാണ് രാഹുൽ ദ്രാവിഡ് ദേശീയ ടീമിന്‍റെ പരിശീലക കുപ്പായം അഴിച്ചുവെച്ചത്. വൈകാതെ താരം റോയൽസുമായി കരാറിൽ ഒപ്പിടുകയായിരുന്നു. 2012, 2013 സീസണുകളിൽ രാജസ്ഥാൻ ടീമിന്‍റെ ക്യാപ്റ്റനായിരുന്ന ദ്രാവിഡ്, തൊട്ടടുത്ത രണ്ട് സീസണുകളിൽ ടീമിന്‍റെ ഉപദേശകനായി. അതേസമയം, മാർച്ച് 23നാണ് രാജസ്ഥാന് ഇത്തവണ ആദ്യ മത്സരം. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപായ സൺറൈസേഴ്സ് ഹൈദരാബാദാണ് എതിരാളികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.