‘പയ്യന്റെ കളി ഐ.പി.എൽ കാണാനിരിക്കുന്നതേയുള്ളൂ’; 13കാരൻ വൈഭവ് സൂര്യവംശി ഐ.പി.എല്ലിൽ തകർത്തടിക്കുമെന്ന് സഞ്ജു സാംസൺ
text_fieldsകേവലം 13 വയസ്സ്. ക്രിക്കറ്റിന്റെ വീറും വാശിയും നിറഞ്ഞ പോർക്കളത്തിൽ കൊച്ചുപയ്യൻ അതിജീവിക്കുമോയെന്നത് കണ്ടറിയണമെന്ന് സന്ദേഹിക്കുന്നവരോട് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന് ഒന്നേ പറയാനുള്ളൂ. ‘വൈഭവ് സൂര്യവംശി പുഷ്പംപോലെ പന്തുകൾ ഗ്രൗണ്ടിന് പുറത്തേക്ക് പറത്തുന്നവനാണ്. ആളുകൾ കൂറ്റനടിക്കുള്ള അവന്റെ കഴിവിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അവൻ ഐ.പി.എല്ലിന് ഒരുങ്ങിക്കഴിഞ്ഞു’.
പതിമൂന്നുകാരനെ 1.1 കോടി രൂപക്കാണ് രാജസ്ഥാൻ റോയൽസ് ടീമിലെടുത്തത്. പ്രൊഫഷനൽ ക്രിക്കറ്റിന്റെ പാകതയെത്തിയിട്ടില്ലാത്ത താരത്തെ ഇത്ര വലിയ തുക നൽകി ടീമിലെടുക്കേണ്ടതുണ്ടോ എന്നു ചോദിച്ചവർ ഏറെയാണ്. അതിനെല്ലാം ബാറ്റുകൊണ്ട് മറുപടി നൽകാനുള്ള വൈഭവം വൈഭവിന് ഉണ്ടെന്ന കണക്കൂകൂട്ടലിലാണ് റോയൽസ് ടീം മാനേജ്മെന്റ്. മാർച്ച് 22ന് തുടങ്ങുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ 23ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ ആദ്യകളി. ഇക്കുറി കളത്തിലിറങ്ങിയാൽ ഐ.പി.എല്ലിന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന ഖ്യാതി വൈഭവിനെ തേടിയെത്തും.
‘ഇന്നത്തെ കുട്ടികൾക്ക് ഒട്ടും ആത്മവിശ്വാസക്കുറവ് ഇല്ല. അവർ വളരെ ധീരരും ഇന്ത്യൻ ക്രിക്കറ്റിന്റെ നിലവിലെ സാഹചര്യങ്ങൾ മനസ്സിലാക്കുന്നവരുമാണ്. അവന് ഉപദേശം നൽകുന്നതിനേക്കാൾ, ഒരു യുവതാരം എങ്ങനെ ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നു, അവന് എന്താണ് ഇഷ്ടം, എന്നിൽനിന്ന് ഏതുതരത്തിലുള്ള പിന്തുണയാണ് വേണ്ടത് എന്ന് നിരീക്ഷിക്കുന്നതിനാണ് ഞാൻ മുൻഗണന നൽകുന്നത്.
വൈഭവ് വളരെ ആത്മവിശ്വാസമുള്ള താരമാണ്. അക്കാദമിയിൽ പരിശീലിക്കുമ്പോഴേ ഗ്രൗണ്ടിനുപുറത്തേക്ക് അവൻ സിക്സറുകൾ പറത്താറുണ്ട്. അടിച്ചു തകർക്കാനുള്ള അവന്റെ മിടുക്കിനെക്കുറിച്ച് ആളുകൾ സംസാരിക്കുന്നു. അതിൽ കൂടുതൽ എന്താണ് വേണ്ടത്? അവന്റെ കരുത്ത് മനസ്സിലാക്കുകയും പിന്തുണക്കുകയുമാണ് വേണ്ടത്. ഒരു മൂത്ത സഹോദരനെപ്പോലെ അവനോടൊപ്പം ഉണ്ടായിരിക്കും’ -ജിയോ ഹോട്സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ സഞ്ജു പറഞ്ഞു.
വൈഭവിന് ‘സന്തോഷകരമായ അന്തരീക്ഷം’ ഒരുക്കുകയെന്നതാണ് ടീമിലെ മറ്റുള്ളവരുടെ ഉത്തരവാദിത്തമെന്നും സഞ്ജു കൂട്ടിച്ചേർത്തു. ‘കളത്തിൽ ടീമിനുവേണ്ട സംഭാവന ചെയ്യാൻ അവൻ പൂർണമായും ഒരുങ്ങിക്കഴിഞ്ഞു. മികച്ച നിലയിൽ അവനെ ഒപ്പംനിർത്തുക എന്നതാണ് പ്രധാനം. ഡ്രസ്സിങ് റൂമിൽ അനുകൂലമായ അന്തരീക്ഷം ഉറപ്പാക്കുകയും ഞങ്ങളുടെ കളിക്കാർക്ക് വേണ്ട പിന്തുണ നൽകുകയും ചെയ്യും. കുറച്ച് വർഷത്തിനുള്ളിൽ വൈഭവ് ഇന്ത്യക്കുവേണ്ടി കളിച്ചേക്കാം. ഭാവിയിൽ എന്തു സംഭവിക്കുമെന്ന് നമുക്ക് നോക്കാം’ -സഞ്ജു പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.