'താഴെ വീണ കണ്ട് പല്ലിളിച്ച കൂട്ടരെ...'; ദുലീപ് ട്രോഫിയിൽ സെഞ്ച്വറിയുമായി സഞ്ജു
text_fieldsഅനന്തപുർ (ആന്ധ്രപ്രദേശ്): ഇന്ത്യ ‘ബി’ക്കെതിരായ ദുലീപ് ട്രോഫി ക്രിക്കറ്റിൽ മൂന്നാം റൗണ്ടിൽ തകർപ്പൻ സെഞ്ച്വറിയുമായി ഇന്ത്യ ‘ഡി’ താരം സഞ്ജു സാംസൺ. 95 പന്തിലാണ് രണ്ടാം ദിനം രാവിലെ സഞ്ജു ശതകം പൂർത്തിയാക്കിയത്. 101 പന്തിൽ 106 റൺസ് നേടി നവദീപ് സെയ്നിക്ക് വിക്കറ്റ് നൽകി മലയാളി താരം പുറത്താകുകയായിരുന്നു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ സഞ്ജുവിന്‍റെ 11ാം സെഞ്ച്വറിയാണിത്. കേരളത്തിൽനിന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിൽ മൂന്നാമതാണ് സഞ്ജു. 18 സെഞ്ച്വറിയുമായി സചിൻ ബേബിയും 13 എണ്ണവുമായി രോഹൻ പ്രേമുമാണ് സഞ്ജുവിന് മുന്നിലുള്ളത്. 11 ഫോറും മൂന്ന് സിക്സറുമടിച്ചാണ് താരം സെഞ്ച്വറി തികച്ചത്. നായകൻ ശ്രേയസ് അയ്യർ പുറത്തായതിന് ശേഷം ക്രീസിലെത്തിയ സഞ്ജു, റിക്കി ഭുയിയുമായി കൂട്ടുകെട്ടുണ്ടാക്കി മുന്നേറുകയായിരുന്നു. സഞ്ജുവിന്റെ മികവിൽ ഇന്ത്യ ഡി 349 റൺസ് നേടി.
ഇന്ത്യ ബി ആറിന് 210 എന്ന നിലയിലാണ്. ഇന്ത്യ ബി ക്യാപ്റ്റൻ അഭിമന്യു ഈശ്വരൻ 116 റൺസടിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അഭിമന്യുവിന്റെ 25ാം സെഞ്ച്വറിയാണിത്. ഇന്ത്യയുടെ ട്വന്റി 20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇന്ത്യ ബി നിരയിൽ അഞ്ച് റൺസിന് പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.