തീപ്പൊരി സഞ്ജു! സെഞ്ച്വറിയിൽ ചരിത്രം; നേട്ടം കൈവരിക്കുന്ന ആദ്യ താരം...
text_fieldsജൊഹാനസ്ബർഗ്: രണ്ടു ഡെക്കുകൾക്കു പിന്നാലെ സെഞ്ച്വറിയുമായി സഞ്ജു സാംസൺ വീണ്ടും തീപ്പൊരിയായപ്പോൾ പിറന്നത് ട്വന്‍റി20 ക്രിക്കറ്റിലെ ചരിത്ര റെക്കോഡ്. ട്വന്‍റി20യിൽ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് സെഞ്ച്വറി നേടുന്ന ആദ്യതാരമായി സഞ്ജു.
പരമ്പരയിലെ ആദ്യ മത്സരത്തിലും മലയാളി താരം സെഞ്ച്വറി നേടിയിരുന്നു. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ പരമ്പരയിലും താരം സെഞ്ച്വറി കുറിച്ചു. ട്വന്‍റി20യിൽ തുടർച്ചയായി രണ്ടു സെഞ്ച്വറികൾ നേടിയ ആദ്യ ഇന്ത്യൻ താരം കൂടിയാണ്. കൂടാതെ, ട്വന്‍റി20യിൽ മൂന്നു സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന നേട്ടവും സഞ്ജു സ്വന്തമാക്കി.
ഐ.സി.സി ഫുള്‍ മെമ്പേഴ്‌സ് തമ്മില്‍ നടക്കുന്ന ഒരു മത്സരത്തിലെ ഒരിന്നിങ്‌സില്‍ രണ്ട് സെഞ്ച്വറികള്‍ പിറന്ന ആദ്യമത്സരവും ഇതുതന്നെ. ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ട്വന്‍റി20യിൽ 51 പന്തിൽ എട്ടു സിക്സും ആറു ഫോറുമടക്കമാണ് സഞ്ജു നൂറിലെത്തിയത്. മത്സരത്തിൽ 56 പന്തിൽ ഒമ്പത് സിക്സും ആറു ഫോറുമടക്കം 109 റൺസുമായി താരം പുറത്താകാതെ നിന്നു. മറുവശത്ത് 41 പന്തിലാണ് തിലക് നൂറിലെത്തിയത്. താരത്തിന്‍റെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയും. കഴിഞ്ഞ മത്സരത്തിൽ ട്വന്‍റി20 ക്രിക്കറ്റിലെ കന്നി സെഞ്ച്വറി നേടിയ താരം 107 റൺസുമായി പുറത്താകാതെ നിന്നു.
ഇതോടെ സഞ്ജുവിനു പിന്നാലെ തുടർച്ചയായി ട്വന്‍റി20യിൽ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി തിലക്. താരത്തിന്‍റെ അപരാജിത ഇന്നിങ്സ് 47 പന്തിൽ 10 സിക്സും ഒമ്പതു ഫോറുമടക്കം 120 റൺസ് അടങ്ങുന്നതായിരുന്നു. രണ്ടാം വിക്കറ്റിൽ ഇരുവരും 93 പന്തിൽ 210 റൺസാണ് ഇന്ത്യക്കായി അടിച്ചുകൂട്ടിയത്. 23 സിക്‌സുകള്‍ ചേര്‍ന്നതാണിത്. ട്വന്‍റി20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. 28 പന്തിലാണ് സഞ്ചു അർധ സെഞ്ച്വറിയിലെത്തിയത്. തിലക് ക്രീസിലെത്തിയതു മുതൽ പ്രോട്ടീസ് ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചുപറത്തി. 22 പന്തിൽ അഞ്ചു സിക്സും നാലു ഫോറുമടക്കമാണ് താരം അമ്പത് പൂർത്തിയാക്കിയത്. 51 പന്തിൽ ടീം സ്കോർ നൂറിലെത്തിയെങ്കിൽ, ടീം 200ലെത്തിയത് അടുത്ത 34 പന്തുകളിലാണ്.
ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന ട്വന്‍റി20 സ്‌കോർ കൂടിയാണ് ഇന്ത്യയുടെ ഭാഗ്യമൈതാനമായ ജൊഹാനസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ പിറന്നത്. ഒന്നാമത്തേതും ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു. രണ്ടിലും സഞ്ജുവിന്റെ സെഞ്ച്വറിയുണ്ട് എന്നതും പ്രത്യേകതയാണ്.
പ്രോട്ടീസിനായി പന്തെറിഞ്ഞവരെല്ലാം സഞ്ജുവിന്‍റെയും തിലകിന്‍റെയും ബാറ്റിന്‍റെ ചൂടറിഞ്ഞു. നാലോവറില്‍ 58 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത ലുതോ സിപംലയാണ് ഏറ്റവും കൂടുതല്‍ തല്ലുവാങ്ങിയത്. മാർകോ ജാന്‍സന്‍, കൂട്‌സി, സിമിലനെ തുടങ്ങിയവരെല്ലാം നല്ല തല്ലുവഴങ്ങി. ക്യാപ്റ്റന്‍ മാര്‍ക്രം രണ്ടോവറില്‍ 30 റണ്‍സ് വഴങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.