തോൽവിക്ക് പിന്നാലെ സഞ്ജുവിന് പിഴയും; 12 ലക്ഷം പിഴയടക്കണം
text_fieldsജയ്പൂർ: ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഈ സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് പിഴയും. കുറഞ്ഞ ഓവർ നിരക്കിന് 12 ലക്ഷം രൂപയാണ് ബി.സി.സി.ഐ സഞ്ജുവിന് പിഴയിട്ടത്. സഞ്ജുവിന്‍റെ ഭാഗത്തുനിന്ന് ആദ്യമായാണ് കുറഞ്ഞ ഓവർ നിരക്കുണ്ടായത് എന്നതിനാലാണ് പിഴ 12 ലക്ഷമായി ഒതുക്കിയതെന്ന് സംഘാടകർ പ്രസ്താവനയിൽ പറഞ്ഞു.
ഇന്നലത്തെ മത്സരത്തിൽ നിശ്ചിത സമയമായപ്പോൾ ഒരോവർ കുറച്ചാണ് രാജസ്ഥാൻ റോയൽസ് എറിഞ്ഞിരുന്നത്. കുറഞ്ഞ ഓവർ നിരക്ക് കാരണം അവസാന ഓവറിൽ നാല് പേരെ മാത്രമേ സർക്കിളിന് പുറത്ത് ഫീൽഡ് ചെയ്യിക്കാൻ പറ്റൂ. ഇതും ഇന്നലത്തെ വാശിയേറിയ മത്സരത്തിൽ പരാജയത്തിന് ഒരു കാരണമായി.
ഇന്നലെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയൽസ് മൂന്ന് വിക്കറ്റിന് 196 റൺസാണെടുത്തത്. മികച്ച ഫോമിൽ തുടർന്ന സഞ്ജു 38 പന്തിൽ പുറത്താകാതെ 68 റൺസെടുത്തു. റയാൻ പരാഗ് 48 പന്തിൽ 76 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (44 പന്തിൽ 72) ഗുജറാത്തിനെ മുന്നിൽ നിന്ന് നയിച്ചു. 35 റൺസെടുത്ത സായി സുദർശൻ മികച്ച പിന്തുണയേകി. ഗിൽ പുറത്തായ ശേഷമെത്തിയ രാഹുൽ തെവാട്ടിയയും (11 പന്തിൽ 22), റാഷിദ് ഖാനും മത്സരം റോയൽസിന്‍റെ കൈയിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു. അവസാന പന്തിൽ ബൗണ്ടറിയടിച്ച് റാഷിദ് ഖാനാണ് ഗുജറാത്തിന്‍റെ വിജയനായകനായത്. 18 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തുകയും 11 പന്തിൽ 24 റൺസ് നേടുകയും ചെയ്ത റാഷിദ് ഖാനാണ് കളിയിലെ താരം.
തോൽവി നേരിട്ടെങ്കിലും പോയിന്‍റ് പട്ടികയിൽ രാജസ്ഥാൻ തന്നെയാണ് ഒന്നാമത്. ജയത്തോടെ ഗുജറാത്ത് ആറാം സ്ഥാനത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.