സഞ്ജുവിന്‍റെ ‘ഓണം സ്പെഷൽ’ വെടിക്കെട്ട്; കൂറ്റൻ സിക്സറിന്‍റെ വിഡിയോ പങ്കുവെച്ച് രാജസ്ഥാൻ
text_fieldsബംഗളൂരു: ദൂലീപ് ട്രോഫിയിൽ ഇന്ത്യ എക്കെതിരെ 186 റൺസിന്‍റെ തോൽവിയാണ് ഇന്ത്യ ഡി ഏറ്റുവാങ്ങിയത്. ടൂർണമെന്‍റിൽ ശ്രേയസ്സ് അയ്യരുടെയും സംഘത്തിന്‍റെയും തുടർച്ചയായ രണ്ടാം തോൽവിയാണ്.
488 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഡിക്ക്, മലയാളി താരം സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് പ്രകടനവും തുണയായില്ല. ഏകദിന ശൈലിയിൽ ബാറ്റു വീശിയ താരം 45 പന്തിൽ മൂന്നു ഫോറും മൂന്നു പടുകൂറ്റൻ സിക്സറുകളും അടക്കം 40 റൺസ് അടിച്ചെടുത്താണ് പുറത്തായത്. തിരുവോണ നാളിൽ പ്രിയ താരത്തിന്‍റെ ബാറ്റിൽനിന്ന് ഒരു സെഞ്ച്വറിയോ, അർധ സെഞ്ച്വറിയോ പ്രതീക്ഷിച്ച ആരാധകർക്ക് മികച്ചൊരു ഇന്നിങ്സ് കണ്ട് തൃപ്തിപേടേണ്ടി വന്നു.
സഞ്ജുവിന്റെ ഒരു സിക്‌സർ ഗാലറിയുടെ മേൽക്കൂരയിലും മറ്റൊന്ന് ഗാലറിക്കു പുറത്തുമാണ് പതിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ‘ഓണം സ്പെഷൽ’ എന്ന ക്യാപ്ഷനൊപ്പം താരത്തിന്റെ ഐ.പി.എൽ ടീമായ രാജസ്ഥാൻ റോയൽസ് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചിട്ടുണ്ട്. നായകൻ ശ്രേയസ്സ് അയ്യർ പുറത്തായതോടെ ആറാമനായാണ് സഞ്ജു ക്രീസിലെത്തുന്നത്. അഞ്ചാം വിക്കറ്റിൽ റിക്കി ഭുയിക്കൊപ്പം അർധസെഞ്ച്വറി കൂട്ടുകെട്ടു തീർത്താണ് താരം പുറത്തായത്. 82 പന്തിൽ ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത് 62 റൺസ്.
തനുഷ് കൊട്ടിയൻ എറിഞ്ഞ പന്ത് ബൗണ്ടറി കടത്തിയാണ് സഞ്ജു അക്കൗണ്ട് തുറന്നത്. തൊട്ടടുത്ത ഓവറിൽ ഷംസ് മുളാനിക്കെതിരെ പടുകൂറ്റൻ സിക്സർ. സ്പിന്നർമാർക്കെതിരെ ആക്രമണം അഴിച്ചുവിട്ട സഞ്ജു, അടുത്ത ഓവറിൽ തനുഷ് കൊട്ടിയനെതിരെ വീണ്ടും സിക്സർ പറത്തി. 40 റൺസുമായി സഞ്ജു വീണതോടെ ടീമിന്‍റെ പ്രതീക്ഷകൾ അസ്തമിച്ചു. ഇന്ത്യ ഡിയുടെ പോരാട്ടം 183ൽ അവസാനിച്ചു. മയങ്ക് അഗർവാളിന്റെ ഇന്ത്യ എക്ക് 186 റൺസിന്‍റെ വമ്പൻ ജയം. നേരത്തെ ഓണം ആശംസകൾ നേർന്നും രാജസ്ഥാൻ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.