തകർത്തടിക്കുമോ സഞ്ജു; ആദ്യ ട്വന്റി20യിൽ ഓപണറായേക്കും
text_fieldsഗ്വാളിയോർ (മധ്യപ്രദേശ്): ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ ഓപണറായേക്കുമെന്ന് റിപ്പോർട്ടുകൾ. സഞ്ജുവിനെ ഒന്നാം വിക്കറ്റ് കീപ്പറായാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നതിനാൽ ഇന്ന് ആദ്യ ഇലവനിലുണ്ടാവുമെന്ന് ഉറപ്പാണ്. സഞ്ജു ഏത് പൊസിഷനിലാണ് ഇറങ്ങുകയെന്ന ചോദ്യം പ്രസക്തമാണ്. അഭിഷേക് ശർമ മാത്രമാണ് നിലവിൽ ടീമിലെ സ്പെഷലിസ്റ്റ് ഓപണർ. അഭിഷേകിനൊപ്പം ഇന്നിങ്സ് ആരംഭിക്കാൻ ടീം മാനേജ്മെന്റ് കണ്ടുവെച്ചിരിക്കുന്നത് സഞ്ജുവിനെയാണ്. ശ്രീലങ്കക്കെതിരെ ഈയിടെ നടന്ന ട്വന്റി20 പരമ്പരയിലെ ഒരു മത്സരത്തിൽ താരം ഓപണറായെങ്കിലും പരാജയമായി.
മൂന്നാമനായി ക്യാപ്റ്റൻ സൂര്യകുമാർ ഇറങ്ങാനാണ് സാധ്യത. ഹാർദിക് പാണ്ഡ്യ, റിങ്കു സിങ് തുടങ്ങിയവരും പിന്നാലെയെത്തും. റയാൻ പരാഗും വാഷിങ്ടൺ സുന്ദറും ഓൾ റൗണ്ടർ പരിഗണനയിൽ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. പേസ് സെൻസേഷൻ മായങ്ക് യാദവ്, ഡൽഹി ഫാസ്റ്റ് ബൗളർ ഹർഷിത് റാണ, ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡി എന്നിവർ അരങ്ങേറ്റം കാത്തിരിക്കുകയാണ്. ഐ.പി.എല്ലിലെ അതിശയപ്രകടനങ്ങൾക്കിടെ പരിക്കേറ്റ് പുറത്താവുകയായിരുന്നു ലഖ്നോ സൂപ്പർ ജയന്റ്സ് താരം മായങ്ക്. അർഷ്ദീപ് സിങ്ങായിരിക്കും പേസ് ബൗളിങ് നയിക്കുക. രവി ബിഷ്ണോയിയാണ് സ്പിന്നർമാരിൽ പരിചയസമ്പന്നൻ.
ഇന്നത്തെ മത്സരം ബംഗ്ലാദേശിന് അഭിമാനപ്രശ്നമാണ്. ഇന്ത്യയുമായി കളിച്ച 13ൽ 12 ട്വന്റി20 മത്സരങ്ങളും തോറ്റവരാണ് അയൽക്കാരായ ബംഗ്ലാദേശുകാർ. ഒരു കളി ജയിച്ചത് മിച്ചം. ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങിയ കടുവകൾക്ക് ജയം അഭിമാനപ്രശ്നമായി മാറിയിട്ടുണ്ട്. ചാമ്പ്യൻ ഓൾ റൗണ്ടർ ഷാകിബ് അൽ ഹസൻ വിരമിച്ചതിന്റെ വിടവ് അടുത്തകാലത്തൊന്നും ബംഗ്ലാദേശിന് നികത്താനാവില്ല. മാധവറാവു സിന്ധ്യ സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരമാണ് ഇന്നത്തേത്. വൈകീട്ട് ഏഴ് മണിക്കാണ് മത്സരം. 14 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഗ്വാളിയോറിൽ അന്താരാഷ്ട്ര മത്സരമെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.