സഞ്ജു മധ്യനിരയിൽ ബാറ്റ് ചെയ്യും; ദക്ഷിണാഫ്രിക്കക്കെതിരെ താരം കളിക്കുമെന്ന സൂചന നൽകി രാഹുൽ
text_fieldsമുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ മധ്യനിരയിൽ ബാറ്റ് ചെയ്യുമെന്ന് ഇന്ത്യയുടെ താൽക്കാലിക നായകൻ കെ.എൽ. രാഹുൽ. അഞ്ചോ, ആറോ നമ്പറിലായിരിക്കും സഞ്ജു ബാറ്റ് ചെയ്യുകയെന്നും വാർത്താസമ്മേളനത്തിൽ രാഹുൽ വ്യക്തമാക്കി.
മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഞായറാഴ്ച ഉച്ചക്ക് 1.30ന് വാണ്ടറേഴ്സ് സ്റ്റേഡിയത്തിലാണ്. ഇടവേളക്കുശേഷമാണ് സഞ്ജു ഇന്ത്യൻ ടീമിലെത്തുന്നത്. കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് വെസ്റ്റിൻഡീസിനെതിരെയാണ് സഞ്ജു അവസാനമായി ഇന്ത്യക്കായി ഏകദിനം കളിച്ചത്. ആ മാസം 20ന് അയർലൻഡിനെതിരെയുള്ള ട്വന്‍റി20 മത്സരത്തിലും സഞ്ജു കളിച്ചിരുന്നു.
ലോകകപ്പിനു പിന്നാലെ ആസ്ട്രേലിയക്കെതിരായ ട്വന്‍റി20 ടീമിൽ മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകി യുവനിരയെ അണിനിരത്തിയിട്ടും സഞ്ജുവിനെ ഉൾപ്പെടുത്താത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. മുതിർന്ന താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി ഉൾപ്പെടെയുള്ളവരുടെ അഭാവത്തിൽ രാഹുലാണ് ടീമിനെ നയിക്കുന്നത്.
‘സഞ്ജു സാംസൺ മധ്യനിരയിൽ (അഞ്ചോ ആറോ നമ്പറിൽ) ബാറ്റ് ചെയ്യും. വിക്കറ്റ് കീപ്പറിനു പുറമെ, ഈ ഏകദിന പരമ്പരയിൽ മധ്യനിരയിലാകും ഞാനും ബാറ്റ് ചെയ്യുക. ടെസ്റ്റ് പരമ്പരയിൽ നായകനും പരിശീലകനും മാനേജ്മെന്‍റും ഏൽപിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാൻ തയാറാണ്’ -രാഹുൽ വ്യക്തമാക്കി.
ഏകദിന ടീം: കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, സായ് സുദർശൻ, തിലക് വർമ, രജത് പട്ടീദാർ, റിങ്കു സിങ്, ശ്രേയസ്സ് അയ്യർ, സഞ്ജു സാംസൺ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, മുകേഷ് കുമാർ, ആവേശ് ഖാൻ, അർഷ്ദീപ് സിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.