‘മികച്ച ടീമായിട്ടും പോയന്‍റ് പട്ടികയിലെ സ്ഥാനം ഞെട്ടലുണ്ടാക്കുന്നു’; നിരാശ പ്രകടിപ്പിച്ച് സഞ്ജു സാംസൺ
text_fieldsപഞ്ചാബ് കിങ്സിനെ നാലു വിക്കറ്റിന് തോൽപിച്ചെങ്കിലും ടീമിന്‍റെ പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ച് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. മികച്ച താരങ്ങളുണ്ടായിട്ടും കരുത്തുറ്റ ടീമായിട്ടും പോയന്‍റ് പട്ടികയിലെ ടീമിന്‍റെ സ്ഥാനം ഞെട്ടലുണ്ടാക്കുന്നതാണെന്ന് സാംസൺ പറഞ്ഞു.
ജയത്തോടെ പോയന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തിയെങ്കിലും ടീമിന്‍റെ പ്ലേ ഓഫ് സാധ്യത മറ്റു ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചാണിരിക്കുന്നത്. നിലവിൽ 14 മത്സരങ്ങളിൽനിന്ന് ഏഴു വീതം ജയവും തോൽവിയുമായി 14 പോയന്‍റാണ് ടീമിനുള്ളത്. അടുത്ത മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വൻമാർജിനിൽ പരാജയപ്പെടുകയും മുംബൈ ഇന്ത്യൻസ് സൺറൈസേഴ്സ് ഹൈദരാബാദിനോട് തോൽക്കുകയും ചെയ്താൽ മാത്രമേ രാജസ്ഥാന് അവസാന നാലിലെത്താനും പ്ലേ ഓഫ് കളിക്കാനും സാധിക്കു.
എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായി. ‘മത്സരത്തിന്റെ അവസാനം ഹെറ്റ്മെയർ കരുത്തുറ്റ പ്രകടനം പുറത്തെടുത്തപ്പോൾ, ഞങ്ങൾക്ക് 18.5 ഓവറിൽ മത്സരം ഫിനിഷ് ചെയ്യാൻ സാധിക്കുമെന്നാണു ഞാൻ കരുതിയത് (റൺ റേറ്റിൽ അർ.സി.ബിയെ മറികടന്ന് മുന്നിലെത്താൻ രാജസ്ഥാൻ 18.3 ഓവറിൽ മത്സരം ഫിനിഷ് ചെയ്യണമായിരുന്നു). ഞങ്ങൾക്കു മികച്ചൊരു ടീമുണ്ടായിട്ടും പോയന്റ് പട്ടികയില്‍ എവിടെയാണു ഞങ്ങളുടെ സ്ഥാനമെന്നതു ചെറുതായി ഞെട്ടലുണ്ടാക്കുന്നു’ -മത്സരശേഷം സാംസൺ മാധ്യമങ്ങളോടു പറഞ്ഞു.
‘എല്ലാ മത്സരങ്ങളിലും ഞാൻ യശസ്വി ജയ്സ്വാളിനെക്കുറിച്ചു സംസാരിക്കാറുണ്ട്. പക്വതയോടെയാണ് അവൻ കളിക്കുന്നത്. ട്വന്റി20യില്‍ 100 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചപോലെയാണ് അവന്‍റെ പ്രകടനം. ട്രെന്റ് ബോൾട്ട് ആദ്യ ഓവറുകളിൽ ഒരു വിക്കറ്റെടുക്കുമെന്ന് 90 ശതമാനവും ഞങ്ങൾക്കു തോന്നാറുണ്ട്. കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ ഞങ്ങൾ സമ്മർദത്തിലായിരുന്നു’ -സഞ്ജു സാംസൺ വ്യക്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 187 റണ്‍സാണ് നേടിയത്. 19.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ ലക്ഷ്യത്തിലെത്തി. 18.3 ഓവറിൽ ലക്ഷ്യത്തിൽ എത്തിയിരുന്നെങ്കിൽ രാജസ്ഥാന് നെറ്റ് റൺറേറ്റിൽ ബാംഗ്ലൂരിനെ പിന്നിലാക്കി നാലാം സ്ഥാനത്തെത്താമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.